വരാനിരിക്കുന്നത് കർഷകന് സമൂഹത്തിൽ മികച്ച സ്ഥാനവും വിലയുമുള്ള കാലം: മമ്മൂട്ടി

കളമശേരി മണ്ഡലത്തിൽ കാർഷികോത്സവം ഉദ്ഘാടനം ചെയ്തു
കാർഷികോത്സവം മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിൽ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു.
കാർഷികോത്സവം മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിൽ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയും വിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്ന് നടൻ മമ്മൂട്ടി. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശേരി കാർഷികോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതികവിദ്യ എത്ര വളർന്നാലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലമായാലും ആത്യന്തികമായി ബഹുമാനമുള്ളവനായി വരുംകാലത്ത് കാണാൻ പോകുന്നത് കർഷകനെയാണ്. മറ്റുള്ള ഏത് തൊഴിലിനേക്കാളും ഭക്ഷണം ഉല്പാദിപ്പിക്കുന്നവരാണ് സമൂഹത്തിൽ ഏറ്റവും ബഹുമാന്യനെന്നും മമ്മൂട്ടി പറഞ്ഞു.

കളമശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന കൃഷിക്കൊപ്പം കളമശേരി പദ്ധതിയിലൂടെ കാർഷിക മേഖലയിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ച വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശേരി എന്നത് പുറത്ത് വ്യവസായ മേഖലയായിട്ടാണ് അറിയപ്പെടുന്നത് എങ്കിലും കാർഷിക മേഖലയ്ക്ക് ഉചിതമായ അന്തരീക്ഷമാണ് മണ്ഡലത്തിലുള്ളത്. കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് കൃഷിക്കൊപ്പം കളമശേരി പദ്ധതി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

17 സഹകരണ സംഘങ്ങളുടെ സ്റ്റാളുകളാണ് കാർഷികോത്സവം പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒപ്പം മണ്ഡലത്തിൽ ഉത്പാദിപ്പിച്ച പൊക്കാളി അരി പായസവും കാളാഞ്ചി കൊണ്ടുള്ള പ്രത്യേക വിഭവവും പാചക വിദഗ്ധനായ ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ കേരളോത്സവം പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സൗത്ത് കളമശേരി ടിവിഎസ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പാചക വിദഗ്ധൻ ഷെഫ്‌ സുരേഷ് പിള്ള എന്നിവർ മുഖ്യാതിഥികളായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി വി പ്രദീഷ്, എലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് മുട്ടത്തിൽ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് പി എം മനാഫ്, കരുമാലൂർ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലത ലാലു, കുന്നുകര പഞ്ചായത്ത് പ്രസിഡന്‍റ് സൈന ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം കെ ബാബു, ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ഇ കെ സേതു, കളമശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്‍റ് അനില ജോജോ, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് എസ് പി ജയരാജ്, കളമശേരി നഗരസഭ വാർഡ് കൗൺസിലർ എ കെ നിഷാദ്, കൃഷിക്കൊപ്പം കളമശേരി ജനറൽ കൺവീനർ എം പി വിജയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com