

സന്ധ്യയും ബിജുവും
വയനാട്: അടിമാലി മണ്ണിടിച്ചിലിൽ ഗുരുതപരുക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഏറ്റെടുക്കും. ഗുരുതര പരുക്കേറ്റതിനാൽ സന്ധ്യയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. അപകടത്തിൽ ഭർത്താവ് ബിജു മരിച്ചതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ വർഷമാണ് മകൻ മരണപ്പെട്ടത്.
ഇതോടെ നിസഹായരായ ബന്ധുകൾ സഹായം തേടി മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണലിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് സന്ധ്യ ചികിത്സയിലുളള രാജഗിരി ആശുപത്രിയിലെ അധികൃതരുമായി സംസാരിക്കുകയും ചികിത്സാ ചെലവുകൾ ഏറ്റെടുക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു.
അടിയന്തര ശസ്ത്രിക്രിയ ഫലം കാണാതെ വന്നതോടെയാണ് സന്ധ്യയുടെ ഇടതു കാൽ മുറിച്ചുമാറ്റേണ്ടി വന്നത്. മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയെ ആറു മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുത്തത്.
പരുക്കേറ്റ സന്ധ്യയെ ആദ്യം അടിമാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് എറണാകുളം രാജഗിരി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സന്ധ്യയുടെ ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെ കാലിന്‍റെ രക്തയോട്ടം പൂർണമായി നിലയ്ക്കുകയായിരുന്നു.