
പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞത മൃതദേഹം സംസ്‌കരിച്ചു. എന്നാൽ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.
മക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മരിച്ചത് രാമൻ ബാബു എന്ന് കരുതി മൃതദേഹം മറവ് ചെയ്തത് എന്നാണ് പൊലീസിന്‍റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോൾ പൊലീസ്. രാമൻ ബാബുവിനെ ഇന്ന് ഉച്ചയോടെ കോന്നി കൊക്കാത്തോട്ടിൽ വച്ചാണ് ജീവനോടെ കണ്ടെത്തിയത്.
ഡിസംബർ 30 ന് ശബരിമല തീർഥാടന പാതയിൽ ഇലവുങ്കലിനും നിലയ്ക്കലിനും മധ്യേ റോഡിനോടു ചേർന്ന് വയോധികന്‍റെ മൃതദേഹം പരുക്കുകളോടെ ഉറുമ്പ് അരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തോട് സാമ്യം തോന്നിയതിനെ തുടർന്നാണ് ഇത് രാമൻ എന്ന് സ്ഥിരീകരിച്ചത്. പിന്നീട് മഞ്ഞത്തോട് വീടിന് സമീപം അടക്കവും നടത്തി.