കാട്ടുപോത്തും കാടോരത്തെ മനുഷ്യരും

മനുഷ്യന് എത്രമാത്രം കാടുകയറാം, മൃഗങ്ങൾ എത്രത്തോളം നാടിറങ്ങാം? മനുഷ്യജീവന്‍റെ മൂല്യം ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ, നമ്മുടെ അതിജീവനത്തിൽ കാടുകൾക്കുള്ള പ്രസക്തി മനസിലാക്കിയിരിക്കേണ്ടതും പ്രധാനമാണ്.
കാട്ടുപോത്തും കാടോരത്തെ മനുഷ്യരും

# അജയൻ

കാട്ടുപോത്തിന്‍റെ രണ്ട് ആക്രമണങ്ങളിലായി മൂന്നു പേരുടെ ജീവൻ നഷ്ടമായതിനു പിന്നാലെ കേരളത്തിൽ രൂക്ഷമായ വാഗ്വാദങ്ങൾക്കും തുടക്കമായി. ക്രൈസ്തവ സഭകൾ കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഇതു കൂടുതൽ മൂർച്ഛിച്ചു. മൃഗങ്ങൾക്കു മേൽ മനുഷ്യജീവനു പ്രാധാന്യം നൽകണമെന്ന 'അന്ത്യശാസനം' തന്നെ കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ സംസ്ഥാന സർക്കാരിനു നൽകിക്കഴിഞ്ഞു.

പ്രതീക്ഷിച്ചതു പോലെ തന്നെ, വനാതിർത്തികളിൽ നല്ല ജനസ്വാധീനമുള്ള സഭയുടെ നിലപാടിനൊപ്പം പ്രതിപക്ഷവും നിലകൊണ്ടു. മരിച്ചവരെ വച്ച് വിലപേശുകയാണ് കെസിബിസിയെന്നു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞു.

''കടലിലെ മത്സ്യങ്ങളെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യമുണ്ടായിരിക്കട്ടെ'' എന്നു ബൈബിളിൽ പറയുന്നുണ്ട്. ''ജീവിക്കുന്നതും ചലിക്കുന്നതുമെല്ലാം നിനക്കു ഭക്ഷണമായിരിക്കും'' എന്നുമുണ്ട്. ഇതിനൊപ്പം മറ്റു ചിലതു കൂടി പറഞ്ഞിരിക്കുന്നു, ''എല്ലാ ജീവികളുടെയും പ്രാണനും മനുഷ്യകുലത്തിന്‍റെയാകെ ശ്വാസവും അവന്‍റെ കൈകളിലാണ്''‌; ''നിശ്ചയമായും മനുഷ്യന്‍റെ വിധി മൃഗങ്ങളുടേതു പോലെയായിരിക്കും... മനുഷ്യർക്ക് മൃഗങ്ങൾക്കു മേൽ ഒരു ആനുകൂല്യവും ലഭിക്കുന്നതല്ല''.

വന്യമൃഗങ്ങൾ കാരണം ജീവനുകൾ നഷ്ടപ്പെടുന്നു എന്നും വനാതിർത്തികളിൽ കൃഷി ചെയ്തു ജീവിക്കുന്ന കുടുംബങ്ങൾ ആശങ്കയിലാണെന്നും കെസിബിസി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നുണ്ട്. മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ ലൈസൻസ് അനുവദിക്കണമെന്ന ആവശ്യം വരെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ 2015 മുതലിങ്ങോട്ട് അറുനൂറ് ജീവനുകളാണ് കേരളത്തിൽ നഷ്ടമായിട്ടുള്ളതെന്നത് അതീവ ഗൗരവമുള്ള വസ്തുതയാണ്. 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ 16,000 പേർ റോഡ് അപകടങ്ങളിലും കൊല്ലപ്പെട്ടിട്ടുണ്ട്!

സഹിഷ്ണുത കുറയുന്നതാണ് സമൂഹത്തിൽ സംഘർഷങ്ങൾ വർധിക്കാൻ കാരണമെന്നും, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്‍റെ കാര്യത്തിലും ഇതു ബാധകമാണെന്നും പറയുന്നു ഫോറസ്റ്റ് വെറ്ററിനേറിയൻ അരുൺ സക്കറിയ. അരിക്കൊമ്പനെന്നു വിളിക്കപ്പെടുന്ന കാട്ടാന അടക്കം നിരവധി വന്യമൃഗങ്ങളെ മയക്കുവെടി വച്ചു നിയന്ത്രിക്കുന്ന ഓപ്പറേഷനുകളിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് അരുൺ സക്കറിയ. അടുത്തിടെ തൃശൂരിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്, പരിസ്ഥിതി സന്തുലനത്തിൽ വനത്തിനും വന്യജീവികൾക്കുമുള്ള പങ്ക് നിരാകരിക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്നു എന്നാണ്. മനുഷ്യർക്ക് ഏതു കാട്ടിലും അതിക്രമിച്ചു കയറാമെന്നും മൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് അർഹതയില്ലെന്നുമുള്ള കാഴ്ചപ്പാടാണ് ഇതിനു പിന്നിൽ.

പരിസ്ഥിതി സന്തുലനത്തിൽ വനത്തിനും വന്യജീവികൾക്കുമുള്ള പങ്ക് നിരാകരിക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്നു.
- അരുൺ സക്കറിയ
പരിസ്ഥിതി സന്തുലനത്തിൽ വനത്തിനും വന്യജീവികൾക്കുമുള്ള പങ്ക് നിരാകരിക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്നു. - അരുൺ സക്കറിയ

ഇക്കാര്യത്തിൽ ശരിയായ പഠനങ്ങളും കോൺഫ്ളിക്റ്റ് മാപ്പിങ്ങുമാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു. വന്യജീവി ആക്രമണങ്ങളുടെ ഇരകൾക്ക് കൃത്യമായി നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അരുൺ സക്കറിയ.

കേരളത്തിന്‍റെ ഭൂപ്രദേശത്തിൽ 30 ശതമാനം കാടാണ്. വന്യമൃഗങ്ങളുടെ ആവാസ മേഖലയ്ക്കു ചുറ്റും കൃഷിയിടങ്ങൾ വർധിച്ചതും, കാർഷിക ഘടനകളിൽ മാറ്റം വന്നതും, സംരക്ഷണ പദ്ധതികളുടെ ഫലമായി വന്യമൃഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതും പ്രശ്നത്തിന് ആക്കം കൂട്ടുന്നു. വന്യമൃഗങ്ങൾ മനുഷ്യവാസ മേഖലകളിലേക്ക് കടന്നുകയറാൻ വന നശീകരണവും വനങ്ങൾക്ക് തുടർച്ചയില്ലാതാകുന്നതും കാരണമാകുന്നുണ്ട്. വനവത്കരണ പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യം നശിപ്പിച്ച് യൂക്കാലിപ്റ്റസും അക്കേഷ്യയും പോലെ ഒറ്റയിനം മരങ്ങൾ മാത്രം ഒരു മേഖലയിൽ വച്ചുപിടിപ്പിച്ച വനം വകുപ്പും ഇതിൽ പ്രതിസ്ഥാനത്താണ്. കാട്ടുതീയും കാടിനോടു ചേർന്നുള്ള വികസനപ്രവർത്തനങ്ങളുമെല്ലാം സ്ഥിതി കൂടുതൽ വഷളാക്കി.

വനങ്ങളുടെ സംരക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാക്കിക്കൊണ്ട്, വനം വകുപ്പിനെ സാങ്കേതിക സഹായങ്ങൾ ചെയ്യാൻ മാത്രം ചുമതലപ്പെടുത്തുക എന്നതാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് കൃഷ്ണൻ മുന്നോട്ടു വയ്ക്കുന്ന പരിഹാരമാർഗം. വനവിഭവങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള അധികാരവും തദ്ദേശ സ്ഥാപനങ്ങൾക്കു നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com