
കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ 2 ബസുകൾക്കിടയിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം. വെള്ളനാട് കിടുങ്ങുമ്മൽ വീട്ടിൽ സുരേന്ദ്രൻ നായരാ(50)ണ് 2 കെഎസ്ആർടിസി ബസുകൾക്കിടയിൽ കുടുങ്ങി ദാരുണമായി മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
കോട്ടയത്തു നിന്നും എറണാകുളം സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് പിന്നോട്ടെടുത്ത് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിനിടെ ഇവിടെ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസിനിടയിൽ സുരേന്ദ്രൻ നായർ കുടുങ്ങുകയായിരുന്നു. യാത്രക്കാർ ബഹളം വച്ചതോടെ ബസ് മുന്നിലേയ്ക്ക് എടുത്തെങ്കിലും ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.