കൊച്ചിയിൽ ജഡ്‌ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച് 54 കാരൻ മരിച്ചു; കേസ്

തട്ടുകട ഉടമയും മാഞ്ഞാലി സ്വദേശിയുമായ ജയപാലകൃഷ്ണനാണ് ജീവൻ നഷ്ടമായത്
Man dies after two-wheeler hit by car driven by judge's minor son

ജയപാലകൃഷ്ണൻ ഓടിച്ച സ്കൂട്ടർ, ജഡ്ജി

Updated on: 

കൊച്ചി: ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് 54കാരൻ മരിച്ചു. തട്ടുകട ഉടമയും മാഞ്ഞാലി സ്വദേശിയുമായ ജയപാലകൃഷ്ണനാണ് ജീവൻ നഷ്ടമായത്.

ഇരിങ്ങാലക്കുട കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് റിനോ ഫ്രാൻസിസിന്‍റെ 17കാരനായ മകനാണ് വാഹനമോടിച്ചത്. പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിലാണ് അപകടമുണ്ടായത്. ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

ജഡ്ജിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അമിത വേഗതയിലായിരിക്കണം കാർ ഓടിച്ചിരുന്നതെന്നും ജയപാലകൃഷ്ണൻ ഓടിച്ച സ്കൂട്ടർ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നും വാഹനത്തിൽ കൊണ്ടുപോയിരുന്ന സാധനങ്ങൾ ചിതറി കിടക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ബന്ധുവായ സ്ത്രീ മാധ‍്യമങ്ങളോട് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ കൊടുത്തത് ചോദ‍്യം ചെയ്തപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ച് ജഡ്ജി അപമര‍്യാദയായി സംസാരിച്ചെന്നും അവർ ആരോപിച്ചു. ജഡ്ജിയുടെ പെരുമാറ്റം കണക്കിലെടുത്ത് കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും ലൈൻസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് ഇതൊരു പാഠമാകുമെന്നും അവർ പറഞ്ഞു.

അപകടമുണ്ടായതിനു ശേഷം 17കാരൻ വാഹനം നിർത്താതെ പോയെന്നാണ് കുടുംബം പറയുന്നത്. പ്രതിക്കെതിരേ മനപൂർവമല്ലാത്ത നരഹത‍്യയ്ക്ക് കേസെടുക്കാൻ ചേരാനല്ലൂർ സിഐ ശ‍്യാംകുമാർ നിർദേശിച്ചിട്ടുണ്ട്. ആവശ‍്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പ്രതി മദ‍്യപിച്ചിട്ടില്ലെന്നും മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര‍്യം പരിശോധിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. ജുവനെയിൽ ജസ്റ്റിസ് ബോർഡിന്‍റെ അനുമതിക്ക് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com