അടിമാലിയിൽ മണ്ണിടിച്ചിൽ: ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു

രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനം: വീട് തകർന്ന് ഉള്ളിൽപ്പെട്ട ദമ്പതിമാരിൽ ബിജുവാണ് മരിച്ചത്, ഭാര്യ ആശുപത്രിയിൽ
അടിമാലിയിൽ മണ്ണിടിച്ചിൽ: ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു | Man dies wife critical in Kerala landslide

മണ്ണിടിച്ചിലിൽ തകർന്ന ബിജുവിന്‍റെയും സന്ധ്യയുടെയും വീട്.

Updated on

അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് കഴിഞ്ഞ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീട് തക‍ർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ നെടുമ്പള്ളികുടി ബിജുവാണ് മരിച്ചത്. ബിജുവിന്‍റെ ഭാര്യ സന്ധ്യയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂമ്പാൻ പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനെയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.

ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. ഇവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സന്ധ്യയുടെ കാലിനാണ് സാരമായ പരുക്കുള്ളതെന്നാണ് വിവരം. സന്ധ്യയ്ക്ക് ശ്വാസ തടസമുണ്ടെന്നും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്നും അറിയുന്നു. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഭ‍ർത്താവ് ബിജുവിനെയും പുറത്തെത്തിക്കാനായത്. തക‍ർന്ന വീടിന്‍റെ അവശിഷ്ടങ്ങൾ രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കിയാണ് ബിജുവിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

രാത്രി 10.30 കഴിഞ്ഞാണ് പ്രദേശത്ത് വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് രണ്ടു വീടുകൾ തകർന്നു.

ശക്തമായ മഴമുന്നറിയിപ്പിനെ തുട‍ർന്ന് പ്രദേശത്ത് നിന്ന് 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ചില രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു അപകടം.

അടിമാലിയിൽ മണ്ണിടിച്ചിൽ: ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു | Man dies wife critical in Kerala landslide

മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ച ബിജു.

മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്‍റെ കുടുംബപശ്ചാത്തലം അതിദാരുണമെന്ന് ബന്ധുക്കൾ. ബിജുവിന്‍റെ മകൻ ഒരു വർഷം മുൻപാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഈ വേദനകളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നത്.

ബിജുവിന്‍റെ മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയാണ്. ബിജുവിന് തടിപ്പണിയായിരുന്നു. ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാർ​ഗങ്ങൾ ഒന്നുമില്ല. 15 സെന്‍റ് സ്ഥലമുണ്ടായിരുന്നു. ഇവിടെ വീട് വെച്ച് 10 വർഷത്തോളമായി. റോഡിന്‍റെ പണി വന്നതാണ് മണ്ണിടിയാൻ കാരണമെന്ന് സംശയമുയർന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com