

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി
കൊച്ചി: പ്രമുഖ ജ്വല്ലറിയുടെ കെട്ടിടത്തിൽ നിന്ന് ചാടിയ ആൾ മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവമുണ്ടായത്. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
മൂന്നാം നിലയിൽ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. ഇയാൾ ധരിച്ചിരുന്ന മുണ്ട് മൂന്നാം നിലയിൽ നിന്ന് കണ്ടെത്തി. ഇയാൾ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ആറാം നിലയിൽ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാൽ ഇയാൾ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് ഇവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്.
സംഭവ സ്ഥലത്തുവെച്ചുതന്നെ ഇയാൾ മരിച്ചു. മരിച്ചയാൾക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി.