ലൈഫ് വീടിന്‍റെ നിർമാണം നിലച്ചു, വയോധികൻ തീകൊളുത്തി മരിച്ചു

''ജീവിതത്തില്‍ പരാജയപ്പെട്ടവന് ജീവിക്കാന്‍ ഒരവകാശവുമില്ല, അതുകൊണ്ട് ഞാന്‍ പോകുന്നു'', ആത്മഹത്യാ കുറിപ്പ്
ഗോപി
ഗോപി
Updated on

പത്തനംതിട്ട: ലൈഫ് പദ്ധതിയിലെ വീടിന്‍റെ നിര്‍മാണം പണം കിട്ടാതെ പാതിവഴിയില്‍ നിലച്ചതില്‍ മനംനൊന്ത് ലോട്ടറി കച്ചവടക്കാരന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ഓമല്ലൂര്‍ പറയനാലി ബിജു ഭവനത്തില്‍ ഗോപി (70) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സമീപത്തു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ജീവിതത്തില്‍ പരാജയപ്പെട്ടവന് ജീവിക്കാന്‍ ഒരവകാശവുമില്ലെന്നും അതുകൊണ്ട് ഞാന്‍ പോകുന്നുവെന്നും എഴുതിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടത്. ബന്ധുവിന്‍റെ വീട്ടില്‍ നിന്ന് ഗോപി സ്ഥിരമായി പാല്‍ വാങ്ങുമായിരുന്നു. ശനിയാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു നടത്തിയ തെരച്ചിലിലാണ് ഗോപിയുടെ വീടിനു സമീപത്തെ റോഡില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. സമീപത്തു നിന്ന് മണ്ണെണ്ണ കന്നാസ്, ലൈറ്റര്‍, ഒരു പ്ലാസ്റ്റിക് കവറില്‍ ടോര്‍ച്ച്, ലോട്ടറി ടിക്കറ്റ് എന്നിവയും കണ്ടെടുത്തു.

വീട് പണി പൂർത്തീകരിക്കാൻ ലൈഫ് പദ്ധതി പ്രകാരം കിട്ടാനുള്ള പണം ആവശ്യപ്പെട്ട് പല തവണ പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഓണത്തിനു മുമ്പ് പണി പൂർത്തിയാക്കി താമസം തുടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹമെന്നും, അത് സാധ്യമാകാത്തതിനാൽ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നും ഗോപിയുടെ കുടുംബം പറഞ്ഞു. ഭാര്യ പക്ഷാഘാതം പിടിപ്പെട്ട് കിടപ്പിലായതും ഗോപിയെ തളർത്തിയിരുന്നു. വീട് പണി എങ്ങുമെത്തിയില്ലെന്നും താൻ പരാജയപ്പെട്ടു പോയെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

മൃതദേഹം കിടന്ന റോഡിന് തൊട്ടുതാഴെ ഗോപി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. വീട് തുറന്നിട്ട നിലയിലായിരുന്നു. ഭാര്യയും മകളും പത്തനംതിട്ട അഴൂരിലെ വാടകവീട്ടിലാണ് താമസം.

ഇലന്തൂര്‍- പത്തനംതിട്ട റോഡില്‍ പുന്നലത്തുപടിയില്‍ പെട്ടിക്കട നടത്തിവരുകയായിരുന്നു. ലീലയാണ് ഭാര്യ. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: സനല്‍, യശോദ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com