കാസർഗോഡ് 19 കാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം; ചികിത്സയിലിരുന്ന ബന്ധുവും മരിച്ചു

കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
manjeswaram family dispute father stabs daughter and brother in law

ജുമൈലയും പിതാവ് ഉമ്മർ ഫാറൂഖും

Updated on

മഞ്ചേശ്വരം: കുടുംബ വഴക്കിനിടെ അച്ഛന്‍റെ വെട്ടേറ്റ് മകളായ പ്ലസ് ടു വിദ്യാർഥിനി ജുമൈല (19) മരിച്ചതിനു പിന്നാലെ ചികിത്സയിലിരുന്ന ബന്ധുവും മരിച്ചു. പ്രതിയായ ഉമ്മർ ഫാറൂഖിന്‍റെ സഹോദരിയുടെ ഭർത്താവ് ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയൊടെയായിരുന്നു അന്ത്യം.

ഷേക്ക് അബ്ബയുടെ വീട്ടിലെത്തിയാണ് ഉമ്മർ ഫാറൂഖ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജുമൈലയും അമ്മ താഹിറയും ഷേക്ക് അബ്ബയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ പ്രശ്നം പരിഹരിക്കാനായാണ് ഉമ്മർ ഫാറൂഖിനെ വീട്ടിലേക്ക് വിളിച്ചത്. ബന്ധം വേർപെടുത്താമെന്നും തനിക്ക് കുടുംബസ്വത്തായി കിട്ടിയ 10 സെന്‍റ് സ്ഥലം ഇപ്പോൾ ഭാര്യയുടെ പേരിലാണെന്നും അത് തിരിച്ചെഴുതി തരണമെന്നും ഉമ്മർ ഫാറൂഖ് ആവശ്യപ്പെടുകയായിരുന്നു.

എന്നാലിത് മകളുടെ പഠനത്തിന് വേണ്ടിയാണെന്നും നൽകാനാവില്ലെന്നും താഹിറയും ഷേക്ക് അബ്ബയും അറയിച്ചതോടെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഉമ്മർ ഫാറൂഖ് ഷേക്ക് അബ്ബയെ വെട്ടുകയായിരുന്നു. ഇതിനിടെ സ്കൂളിൽ നിന്നെത്തിയ ജുമൈല തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും വെട്ടേൽക്കുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗൾഫിലായിരുന്ന ഉമ്മർ ഫാറൂഖ് 2 മാസം മുൻപാണ് നാട്ടിലെത്തിയത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നാണ് വിവരം. മെഡിക്കൽ പരിശോഘധനയ്ക്ക് ശേഷം ഇ‍യാളുടെ അറസ്റ്റു രേഖപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com