മത്സരിക്കാൻ നീണ്ട നിര, കോട്ടയം സീറ്റിൽ തർക്കം

പാർട്ടിയിൽ തന്നെ ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് പി.ജെ. ജോസഫിനോട് കോൺഗ്രസ് നിർദേശിച്ചിരിക്കുന്നത്
PJ Joseph
PJ Joseph

പി.ബി. ബിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടരുന്നതിനിടെ കോട്ടയം സീറ്റിൽ തർക്കം. സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാനുള്ള ഏകദേശ ധാരണ ഉണ്ടായിരുന്നതിനാൽ സീറ്റ് മോഹവുമായി എത്തിയ നേതാക്കളാണ് നിലവിൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

നിലവിലെ കോട്ടയം എംപി തോമസ് ചാഴികാടൻ തന്നെയായിരിക്കും ഇത്തവണയും എൽഡിഎഫിനു വേണ്ടി മത്സരത്തിനിറങ്ങുക എന്നാണ് വിവരം. യുഡിഎഫിൽ ജോസഫ് വിഭാഗത്തിന് സീറ്റ് ലഭിച്ചാൽ കേരള കോണ്‍ഗ്രസ് മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള കടുത്ത മത്സരത്തിനാണ് അവിടെ അരങ്ങൊരുങ്ങുന്നത്. പി.ജെ. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, പാര്‍ട്ടിയുടെ കോട്ടയം ജില്ലാ അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍, ജോയ് ഏബ്രഹാം, പി.സി. തോമസ്, കെ.എം. മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് എന്നീ പേരുകളാണ് യുഡിഎഫിനു മുന്നിലുള്ളത്.

സീറ്റിന് അവകാശമുന്നയിച്ച് സജി മഞ്ഞക്കടമ്പില്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനെക്കാള്‍ യോഗ്യന്‍ താനാണെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം പറഞ്ഞത്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് നിലവിൽ എംഎല്‍എയായതിനാല്‍ മത്സരിക്കാന്‍ സാധ്യത കുറവാണ്. സ്വീകാര്യതയുള്ള സ്ഥാനാര്‍ഥികളെന്ന നിലയില്‍ പി.ജെ. ജോസഫോ മോന്‍സ് ജോസഫോ മത്സരിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ആവശ്യമുണ്ട്. കോണ്‍ഗ്രസിനു കൂടി സ്വീകാര്യനായ സ്ഥാനാർഥിയാകും കോട്ടയത്ത് മത്സരിക്കുക.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമാകാത്തിനാൽ പാർട്ടിയിൽ തന്നെ ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ജോസഫിനോട് കോൺഗ്രസ് നിർദേശിച്ചിരിക്കുന്നത്. നാളെയാണ് ജോസഫ് വിഭാഗവുമായി തുടർ ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് മുസ്‌ലിം ലീഗും നാളെ ആർഎസ്പി, കേരള കോൺഗ്രസ് ജേക്കബ് വിഭാഗങ്ങളുമായും കോൺഗ്രസ് ചർച്ച നടത്തും.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്നാണ് മുൻ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസിന്‍റെ പ്രഖ്യാപനം. എന്നാൽ മുന്‍പുണ്ടായിരുന്ന ഇടത്- ബിജെപി ബന്ധങ്ങള്‍ തോമസിന് വെല്ലുവിളിയായി നിൽക്കുന്നു. പി.സി. തോമസിനെ പരിഗണിച്ചില്ലെങ്കിൽ ഫ്രാന്‍സിസ് ജോര്‍ജിനാണ് സാധ്യത വര്‍ധിക്കുന്നത്. ക്രൈസ്തവ സഭാ നേതൃത്വം ഫ്രാന്‍സിസ് ജോര്‍ജിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. നാളെ നടക്കുന്ന ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പ് സ്ഥാനാർഥിയാര് എന്നതിൽ സമവായമുണ്ടാക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.

Trending

No stories found.

Latest News

No stories found.