''ദൗത്യ നിർവഹണത്തിൽ വീഴ്ച'', ഖേദ പ്രകടനവുമായി മാർ ആലഞ്ചേരിയുടെ കത്ത്

''എറണാകുളം അങ്കമാലി രൂപതാധ്യക്ഷന്‍ എന്ന നിലയിലും കര്‍ദിനാള്‍ എന്ന നിലയിലും ദൗത്യനിര്‍വഹണത്തില്‍ വന്നുപോയ കുറവുകളിലും വീഴ്ചകളിലും ഖേദിക്കുന്നു''
മാർ ജോർജ് ആലഞ്ചേരി വിശ്വാസികൾക്ക് അയച്ച കത്ത്.
മാർ ജോർജ് ആലഞ്ചേരി വിശ്വാസികൾക്ക് അയച്ച കത്ത്.

കൊച്ചി: സിറോ മലബാര്‍ സഭയുടെ തലവനെന്ന നിലയില്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകള്‍ സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി രൂപതാധ്യക്ഷന്‍ എന്ന നിലയിലും കര്‍ദിനാള്‍ എന്ന നിലയിലും ദൗത്യനിര്‍വഹണത്തില്‍ വന്നുപോയ കുറവുകളിലും വീഴ്ചകളിലും ഖേദിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് ഇത്തരമൊരു തുറന്നുപറച്ചില്‍ മാര്‍ ആലഞ്ചേരി നടത്തുന്നത്. സഭാംഗങ്ങള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്തിലാണ് ഖേദപ്രകടനം. സഭാ നേതൃത്വത്തില്‍നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാമേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹത്തിന്‍റെ കത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം ഏഴിനാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷന്‍റെ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. എറണാകുളം ആങ്കമാലി അതിരൂപതയുടെ ഭൂമിവില്‍പ്പനയെച്ചൊല്ലി ഉണ്ടായ വിവാദത്തില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ജനാഭിമുഖ കുര്‍ബാനയുടെ പേരില്‍ അതിരൂപതാസ്ഥാനമായ ദേവാലയം അടച്ചിടുന്നത് വരെയുള്ള കടുത്ത സംഘര്‍ഷങ്ങളാണ് മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തിന് കീഴില്‍ ഉണ്ടായത്.

ഈ മാസം ചേരുന്ന മെത്രാന്‍ സിനഡിലാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഔപചാരികമായി തെരഞ്ഞെടുക്കുക. അതിരൂപതയുടെ ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് ആരോപിച്ച് വിവിധ കോടതികളില്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഇത്തരമൊരു ഖേദപ്രകടനം മാര്‍ ആലഞ്ചേരി നേരത്തെ നടത്തിയിരുന്നുവെങ്കില്‍ രൂപതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടേനെയെന്ന് അതിരൂപതാ സംരക്ഷണ സമിതി പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com