മരട് വെടിക്കെട്ട്‌: അറിയേണ്ട ചില വസ്തുതകൾ

പ്രശസ്തമായ എറണാകുളം മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ തെക്കേ ചേരുവാരം എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വിശദീകരണം
മരട് വെടിക്കെട്ട്‌: അറിയേണ്ട ചില വസ്തുതകൾ
Updated on

കഴിഞ്ഞ ദിവസം എറണാകുളം പുതിയകാവിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറ മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് ജില്ലാ കളക്റ്റർ നിരോധിച്ച സാഹചര്യത്തിൽ അതേപ്പറ്റി അറിയേണ്ട ചില വസ്തുതകളുണ്ട്. അനുമതിക്കായി കോടതിയെ സമീപിച്ചതിനാൽ, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ 8 ദിവസത്തെ താലപ്പൊലി ആഘോഷങ്ങളുടെ ഭാഗമായി നാലാം ദിവസവും അഞ്ചാം ദിവസവും നടക്കുന്ന വടക്കേ ചേരുവാരം താലപ്പൊലിയുടെയും തെക്കേ ചേരുവാരം താലപ്പൊലിയുടെയും ഭാഗമായിട്ടാണ് വെടിക്കെട്ട്‌ സംഘടിപ്പിക്കപ്പെടുന്നത്. അന്നേ ദിവസങ്ങളിൽ ഭക്തർക്ക് ദർശനം നൽകി തിരിച്ചു ക്ഷേത്രത്തിൽ എഴുന്നള്ളുന്ന ഭഗവതിയെ ഭക്തർ വാദ്യഘോഷങ്ങളോടെയും താലപ്പൊലി യോടെയും സ്വീകരിക്കുന്നു. അതിന്‍റെ ഭാഗമായാണു കരിമരുന്നു പ്രയോഗം നടക്കുന്നത്.

മരട് വെടിക്കെട്ടിന് ഏതാണ്ട് 130 വർഷത്തിൽ കൂടുതൽ ചരിത്രമുണ്ട്. ഈ കാലങ്ങളിലെല്ലാം ക്ഷേത്രപരിസരത്തും മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിലുമാണ് വെടിക്കെട്ട്‌ നടന്നിട്ടുള്ളത്. പുതിയകാവിൽ ഉണ്ടായ അപകടം വളരെ ദൗർഭാഗ്യകരമായ സംഭവം തന്നെയാണ്. ആ സാഹചര്യത്തിൽ മരട് വെടിക്കെട്ടിനു കളക്റ്റർ അനുമതി നിക്ഷേധിച്ചെന്ന വാർത്തകൾ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. അതിലെ പല പ്രതികരണങ്ങളും വാസ്തവവിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്.

മരട് വെടിക്കെട്ട്‌ സംഘടിപ്പിക്കുന്നത് എല്ലാ നിയമങ്ങൾക്കും വിധേയമായിത്തന്നെയാണ്. വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഇരു ചേരുവാരങ്ങളും പരസ്പര ധാരണയിലാണ് പ്രവർത്തിക്കുന്നത്. ഒരു മത്സര സ്വഭാവം അതിൽ ഇല്ല. എക്സ്പ്ലോസിവ് ആക്റ്റ് പ്രകാരം വെടിക്കെട്ടിനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടത്തിന് 60 ദിവസം മുന്നേ തന്നെ അപേക്ഷ നൽകാറുണ്ട്. ഈ വർഷം 2023 ഡിസംബർ 19ന് അപേക്ഷ നൽകി. അതിനു വേണ്ടുന്ന രേഖകൾ ആയ LE 6 ഫോമിൽ ഉള്ള അപേക്ഷ,ഗ്രൗണ്ടിന്‍റെ സൈറ്റ് പ്ലാൻ, ഇൻഷ്വറൻസ് രേഖ (2.5 കോടി), വെടിക്കെട്ട്‌ ഏൽപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ആളുടെ, ഗവണ്മെന്‍റ് തന്നെ നൽകിയിട്ടുള്ള ലൈസൻസ് (L1), സമീപവാസികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സമ്മതപത്രം തുടങ്ങിയവയും അതിൽ ഉൾപ്പെടുന്നു. മരടിൽ ഇപ്പോൾ വെടിക്കെട്ട്‌ സാമഗ്രികളുടെ നിർമാണമില്ല.

5 സെറ്റ് അപേക്ഷകൾ തയ്യാറാക്കി 4 എണ്ണം കലക്റ്ററേറ്റിൽ നൽകുകയും ഒരു കോപ്പി സൂക്ഷിക്കുകയും ചെയ്യുന്നു. വിവിധ ഡിപ്പാർട്ട്മെന്‍റ്കളുടെ അന്വേഷണ റിപ്പോർട്ടിനായി ഇത് കലക്റ്ററേറ്റിൽ നിന്നും അയക്കുന്നു. ആദ്യ പടിയായി മരട് വില്ലെജ് ഓഫീസർ സ്ഥലം സന്ദർശിക്കും. നേരത്തേ നൽകിയ സൈറ്റ് പ്ലാൻ പരിശോധിക്കും. വേണ്ട കാര്യങ്ങൾ സംഘടകരോട് ചോദിച്ചു റിപ്പോർട്ട്‌ തയ്യാറാക്കി തഹസീൽദാർക്ക് അയക്കും. അടുത്തത് താഹസീൽദാറുടെ സന്ദർശനമാണ്. ഇത്തവണ നേരത്തേ നൽകിയ സൈറ്റ് പ്ലാൻ കൂടാതെ തഹസീൽദാർ ആവശ്യപ്പെട്ട രീതിയിൽ മറ്റൊരു സൈറ്റ് പ്ലാനും ഒരു സിവിൽ എൻജിനീയറെ കൊണ്ട് വരച്ചു നൽകി.

ഇത്തവണ ജില്ലാ ഫയർ ആൻഡ് സേഫ്റ്റി ഓഫിസർക്കു വേണ്ടി ജനുവരി ആദ്യ വാരത്തിൽ തന്നെ തൃപ്പൂണിത്തുറ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. റിപ്പോർട്ട്‌ നൽകി. പൊലീസ് റിപ്പോർട്ടിനായി മരട് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഗ്രൗണ്ടിലെ പരിശോധന കൂടാതെ ഇരു ചേരുവാരങ്ങളുടെയും കെട്ടിടങ്ങളിൽ നിയമ വിരുദ്ധ പടക്കനിർമാണങ്ങളോ പടക്ക ശേഖരമോ ഇല്ല എന്ന് ഉറപ്പിക്കുവാൻ പരിശോധന നടത്തുകയും ചെയ്തു. ഈ മൂന്ന് റിപ്പോർട്ടുകളും ഏകോപിപ്പിച്ചാണ് ജില്ലാ കലക്ർ അനുമതിക്കായി പരിഗണിക്കുന്നത്.

മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കി എറണാകുളം ജില്ലാ കലക്റ്റർ തന്നെയാണ് അനുമതി നൽകിയിട്ടുള്ളത്. ഗ്രൗണ്ടിലെ സ്ഥലപരിമിതി പരിശോധിച്ചാൽ 2016നു ശേക്ഷം പുതിയതായി വന്നത് ഗവ. ഐടിഐയുടെ ബിൽഡിങ്ങാണ്. എന്നാൽ ആ കാലത്തുണ്ടായിരുന്ന രണ്ടു സ്കൂൾ കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ട് പൊളിച്ചു നീക്കിയിട്ടുണ്ട്. 2016നു മുൻപുള്ള കാലം നോക്കിയാൽ ഇപ്പോൾ ഗ്രൗണ്ടിൽ സ്ഥലം വർധിച്ചിച്ചു.

2008ൽ മാത്രമാണ് ഡിസ്പ്ലേ സൈറ്റിൽ ഒരപകടം സംഭവിച്ചിട്ടുള്ളത്. അതിനെ തുടർന്നു വിവിധ ഗവ. ഏജൻസികളുടെ നിർദേശങ്ങൾ പാലിച്ചു ഗ്രൗണ്ട് ഉപയോഗം 50 ശതമാനത്തോളം കുറച്ചു. അപകടങ്ങൾ ഒഴിവാക്കാൻ രണ്ടു ചേരുവാരങ്ങളും ബാരിക്കേഡ് ഉൾപ്പെടെ വേണ്ട മുൻ കരുതലുകൾ കൈക്കൊള്ളാറുണ്ട്. ഒരു ഘട്ടത്തിൽ അധികൃതർ ആവശ്യപെട്ടതിനെ തുടർന്നു ഇരു ചേരുവാരങ്ങളും ലക്ഷങ്ങൾ ചിലവാക്കി ക്വാണ്ടിറ്റേറ്റീവ് റിസ്ക് അസസ്മെന്‍റ് സ്റ്റഡി നടത്തിച്ചു റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.

2016ഏപ്രിൽ 9ലെ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട്‌ അപകടത്തിന് ശേഷം ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നൽകുന്നില്ല. 60 ദിവസം മുന്നേ നൽകുന്ന അപേക്ഷയിൽ വെടിക്കെട്ടിനു ദിവസങ്ങൾക്കു മുന്നേ തീരുമാനം എടുത്തു നിരസിക്കുന്ന കാഴ്ച്ചയാണ് 2017 മുതൽ ഉള്ളത്. ആ സമയത്തെല്ലാം ഇരു ചേരുവാരങ്ങളും കേരള ഹൈക്കോടതിയെ സമീപിക്കുകയും വെടിക്കെട്ടിന് അനുമതി നൽകാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുന്ന വിധി സമ്പാദിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്.

മരട് ഇന്ന് എറണാകുളം ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ്. നിരവധി ബഹുനില കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും മരടിൽ ഉണ്ടായി. വിവിധ ദേശങ്ങളിൽ നിന്ന് നാനാ മതസ്ഥരായ ആളുകൾ മരടിൽ വന്നു താമസം ആയിട്ടുണ്ട്‌. അവരിലെല്ലാവർക്കും തന്നെ ചിലപ്പോൾ വെടിക്കെട്ടിനെ അനുകൂലിക്കാൻ കഴിയില്ല. അതും ഞങ്ങൾ മനസിലാക്കുന്നു.

എന്നാൽ, അവരുടെയൊന്നും ജീവനും സ്വത്തിനും നാശമുണ്ടാകാൻ സാധ്യതയുള്ള ഒരു പ്രവർത്തിക്കും ഇരു ചേരുവാരങ്ങളും തുനിയില്ല എന്ന് വ്യക്തമാക്കട്ടെ. മരടിലെ സാഹചര്യങ്ങൾ മനസിലാക്കിത്തന്നെയാണ് ഇരു ചേരുവാരങ്ങളും വെടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷ നൽകിയത്.

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ആചാരം നിലനിർത്തുന്നതിനായി 15,000 ഓലപ്പടക്കം, 750 കതിന, 200ഫ്ലവർ പോട്ട് (അമിത ശബ്ദം ഇല്ലാത്തത്), 100 ചൈനീസ് അമിട്ട് തുടങ്ങി അപകട സാധ്യത തീരെയില്ലാത്ത സാമഗ്രികൾ (ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ച എണ്ണം) ഉപയോഗിക്കുന്നതിനാണ് ഡിസംബർ 19ന് അനുമതി തേടിയത്. ആ അപേക്ഷയിൽ അനുമതി നിക്ഷേധിച്ചതിനെതിരേ ഇരു ചേരുവാരങ്ങളും കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആ ഹർജി കോടതി പരിഗണിക്കാനിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com