
കൊല്ലം: ട്രോളിങ് നിരോധനം തുടരുന്നതിനിടയിലും കൊല്ലം , അഴീക്കൽ ഹാർബറുകളിൽ ചാള ചാകര. കട്ടമരങ്ങളിലും ചെറു വള്ളങ്ങളിലും പോയ മത്സ്യത്തൊഴിലാളികൾക്കാണ് വലനിറയെ ചാള ലഭിച്ചത്. ട്രോളിങ് നിരോധന ശേഷം ആദ്യ ചാകരയായിരുന്നു ഇത്. ട്രോളിങ് നിരോധനമായതിനാൽ തന്നെ വലിയ ബോട്ടുകളൊന്നും കടലിൽ പോകുന്നില്ല. അതുകൊണ്ടു തന്നെ കട്ട മരങ്ങളിലും ചെറുവള്ളങ്ങളിലുമെത്തുന്ന മീനുകൾക്ക് പൊന്നും വിലയാണ്.
കൊല്ലം ജില്ലയില്‍ ആലപ്പാട് അഴിക്കല്‍ മത്സ്യബന്ധന തുറമുഖത്തും ചെറുകിട വള്ളങ്ങളിലും നല്ല രീതിയില്‍ തന്നെ മീന്‍ കിട്ടുന്നുണ്ട്. മത്തിയുടെ ചാകര അറിഞ്ഞ് മറ്റു ജില്ലകളില്‍ നിന്നും കച്ചവടക്കാര്‍ എത്തുന്നുണ്ട്. മത്സ്യത്തിന് നല്ല വിലയും ലഭിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ട്രോളിങ് നിരോധനത്തിന് മുന്‍പ് വരെ കുട്ട എന്ന കണക്കിനാണു മത്സ്യം ലേലം ചെയ്തിരുന്നത്. എന്നാല്‍, ആവശ്യകത വർധിച്ചതോടെ കിലോ കണക്കിനാണ് ഇത്തവണ ലേലം നടക്കുന്നത്. കഴിഞ്ഞ ദിവസം അഴീക്കലില്‍ ഒരു കിലോ മത്തിക്ക് 200 രൂപയ്ക്ക് മുകളിലാണ് വില ലഭിച്ചത്. ഇവ മാര്‍ക്കറ്റില്‍ എത്തുന്നതോടെ കിലോയ്ക്ക് 320 രൂപ വരെയായി ഉയരും. മത്സ്യത്തൊഴിലാളികൾക്ക് ഏതാണ്ട് 4 മുതൽ 8 ലക്ഷം വരെ ലഭിക്കുന്നുമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അഴീക്കലില്‍ ചാള ചാകര വന്നിരുന്നു. അന്ന് ഒരു വള്ളത്തില്‍ മാത്രം 30 ലക്ഷം രൂപയുടെ മത്തിയായിരുന്നു വിറ്റ് പോയത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കൊല്ലത്തും ചാകര എത്തിയത്.
ചുഴലിക്കാറ്റ് ഭീതിയും മഴ മുന്നറിയിപ്പുമായി രണ്ട് ദിവസം കടലിൽ പോയിരുന്നില്ല. തുടർന്നാണ് കടൽ ശാന്തമായ കഴിഞ്ഞ ദിവസം പോയവർക്ക് വലനിറയെ മീൻ ലഭിച്ചത്. അതേസമയം മീൻ കിട്ടുന്നതറിഞ്ഞ് യന്ത്രവത്കൃത ബോട്ടുകളിലെ ജീവനക്കാർ കട്ടമരങ്ങളിലും ചെറു വള്ളങ്ങളിലുമായി കടലിൽ പണിക്ക് പോകുന്നുണ്ട്. എങ്കിലും ഹാർബറുകളിൽ തിക്കും തിരക്കുമില്ല.