

വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര‍്യം അറിയിച്ചത്. അച്ചടക്ക നടപടി ചർച്ച ചെയ്യാൻ ചേർന്ന പാർട്ടി യോഗത്തിലാണ് അന്തിമ തീരുമാനം. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ കഴിഞ്ഞ ദിവസം തന്നെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്നും കുഞ്ഞികൃഷ്ണൻ ഉന്നയിച്ച കാര‍്യങ്ങളെല്ലാംം 2022 ഏപ്രിൽ മാസത്തിൽ ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമെടുത്ത കാര‍്യങ്ങളാണെന്നും രാഗേഷ് വ‍്യക്തമാക്കി. പാർട്ടിക്കെതിരായ അജണ്ടകൾ യാദൃശ്ചികമല്ലെന്നും ജില്ലാ കമ്മിറ്റി അംഗമായതിനു ശേഷവും കുഞ്ഞികൃഷ്ണൻ ചില വിഷയങ്ങൾ ഉന്നയിച്ചുവെന്നും രാഗേഷ് കൂട്ടിച്ചേർത്തു.
പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസദനനെ കുഞ്ഞികൃഷ്ണൻ വ‍്യക്തിപരമായി അധിക്ഷേപിച്ചെന്നും രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് പയ്യന്നൂർ എംഎൽഎ മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നത്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കുഞ്ഞികൃഷ്ണൻ അച്ചടക്ക ലംഘനമാണ് കാണിച്ചതെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.