മാസപ്പടി കേസ്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയവരിൽ ശശിധരൻ കർത്തയും, ഇഡിക്കെതിരേ ഗുരുതര ആരോപണം

2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്
masappadi case cmrl md sasidharan kartha retracts statement

ശശിധരൻ കർത്ത

Updated on

കൊച്ചി: മാസപ്പടി കേസിൽ നിരവധി പേരാണ് ഇഡിക്ക് അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയെന്ന വിവരമാണ് പുറത്തു വരുന്നത്.

ഇഡിക്കെതിരേ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ശശിധരൻ കർത്തയ്ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സഹോദരൻ അജിത്താണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരതയോടെ പെരുമാറിയെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കർത്തയെ നിർബന്ധിച്ച് ചോദ്യം ചെയ്തു. ആരോഗ്യം തൃപ്തികരമല്ലെന്നും ചോദ്യം ചെയ്യൽ തുടരരുതെന്നും ഡോക്റ്റർമാർ എതിർത്തിട്ടും ഇഡി നടപടികളുമായി മുന്നോട്ടുപോയി. ചോദ്യം ചെയ്യലിനിടെ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ ആരോപണമുണ്ട്.

അന്വേഷണ ഏജൻസിയുടെ മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെ ചോദ്യം ചെയ്യലിനിടെ താൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർത്ത പറഞ്ഞതായും സഹോദരൻ നൽകിയ രേഖയിലുണ്ട്. കർത്തയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് സത്യവാങ്മൂലം. 72 വയസുള്ള ശശിധരൻ കർത്ത തീവ്രമായ ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതരമായ കിഡ്നി രോഗം എന്നീ ആരോഗ്യപ്രശ്നങ്ങളുള്ള ആളാണെന്നും എന്നാലിത് അവഗണിച്ചാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യൽ തുടർന്നതെന്നാണ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

logo
Metro Vaartha
www.metrovaartha.com