

പിണറായി വിജയൻ
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻമന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എന്നിവരുടെ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
എഫ്ഐആറിലെ തുടർ നടപടികൾ തടഞ്ഞ ഡിവിഷൻ ബെഞ്ച്, അന്വേഷണം നിർത്തിവെക്കാനും ഇടക്കാല ഉത്തരവിട്ടു. ഹർജിക്കാരനായ ഷാജഹാനെതിരേയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇഡിക്കും സംസ്ഥാന വിജിലൻസിനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്. ഹർജിക്ക് മേൽ നാലാഴ്ചയ്ക്കകം മറുപടി സത്യവാങ് മൂലം സമർപ്പിക്കാനാണ് നിർദേശം. ഇത് ലഭിച്ച ശേഷം നവംബർ 25 ഓടെ ഹർജിയിൽ ഹൈക്കോടതി വിശദവാദം കേൾക്കും.
ഇഡിയുടെ കത്തിന്മേൽ കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ പിണറായി അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളികയായിരുന്നു. തുടർന്ന് പിണറായി വിജയനും, മുഹമ്മദ് റിയാസുമടക്കം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് വിശദമായി പരിശോധിച്ച സുപ്രീംകോടതി, സിംഗിൾ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും പിണറായി വിജയന്റെയും മറ്റുള്ളവരുടെയും അപ്പീൽ വീണ്ടും പരിശോധിച്ച് തീർപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് നിർദേശിക്കുകയുമായിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.