

പ്രതീകാത്മക ചിത്രം
പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള വനത്തിൽ വൻ കഞ്ചാവ് തോട്ടം നശിപ്പിച്ച് എക്സൈസ്. ഉൾവനത്തിൽ പൂർണ വളർച്ച എത്തിയ 1566 കഞ്ചാവ് ചെടികൾ അടങ്ങിയ തോട്ടമാണ് എക്സൈസ് അധികൃതർ ശനിയാഴ്ച രാവിലെ നശിപ്പിച്ചത്.
കടുകുമന്ന ആദിവാസി ഉൗരിൽ നിന്ന് നാല് കിലോമീറ്റർ അകത്തുള്ള ഉൾവനത്തിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കൊടും കാട്ടിലൂടെ കാൽനടയായി സഞ്ചരിച്ചാണ് അധികൃതർ തോട്ടത്തിൽ എത്തിയത്. വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികൾ ആറ് വിഭാഗമായാണ് ഉണ്ടായിരുന്നത്. തെളിവിന്‍റെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ച ശേഷം കഞ്ചാവ് തോട്ടം തീയിട്ട് നശിപ്പിച്ചു.
കടുകുമന്ന ആദിവാസി ഉൗരാണ് കഞ്ചാവ് കൃഷി കണ്ടെത്തിയതിന് അടുത്തുള്ള ഏക ജനവാസകേന്ദ്രം. ഇവിടെ ഏതാനും ആളുകൾ മാത്രമാണ് താമസിക്കുന്നത്. വനത്തിൽ കഞ്ചാവ് കൃഷി ചെയ്തവരെ കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.