
തൃശൂർ: തൃശൂർ നഗരത്തിൽ വൻ കവർച്ച. കന്യാകുമാരിക്ക് കൊണ്ടു പോവുകയായിരുന്ന മൂന്നര കിലോ സ്വർണാഭരങ്ങളാണ് കാറിലെത്തിയ സംഘം തട്ടിയെടുത്തത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം.
ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച മൂന്നു കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ടു പോവാനായി റെയിൽ വേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുമ്പോൾ കാറിലെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു.
ജ്വല്ലറി ജീവനക്കാരായ കല്ലൂർ സ്വദേശി റിന്‍റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയിൽ സൂക്ഷിച്ചിരുന്ന ബാഗാണ് സംഘം തട്ടിയെടുത്തത്. പണി പൂർത്തിയാക്കിയ ആഭരണങ്ങൾ ആഴ്ചയിൽ ഒരുദിവസം കന്യാകുമാരിയിലെ ജ്വല്ലറികളിൽ എത്തിക്കുന്ന പതിവുണ്ട്.ഇത് അറിയാവുന്നവരാവാം മോഷണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.