അമിത് ഷാക്കെതിരേ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് പേടി: മാത്യു കുഴല്‍നാടന്‍

അമിത് ഷാക്കെതിരെ പ്രതികരിക്കാനുള്ള ഭയമാണ് മുഖ്യമന്ത്രിയെ പിറകോട്ട് നയിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു
Chief Minister is afraid to respond against Amit Shah: Mathew Kuzhalnadan
അമിത് ഷാക്കെതിരേ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് പേടി: മാത്യു കുഴല്‍നാടന്‍
Updated on

തിരുവനന്തപുരം: ഡോ. ബി.ആര്‍. അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റവും വലിയ രീതിയില്‍ അപമാനിച്ചിട്ട് അതിനെതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ട് പറക്കുന്നതുകൊണ്ട് അമിത് ഷാക്കെതിരെ പ്രതികരിക്കാനുള്ള ഭയമാണ് മുഖ്യമന്ത്രിയെ പിറകോട്ട് നയിക്കുന്നത്. പ്രതികരിച്ചാല്‍ തന്‍റെയും മകളുടെയും സ്ഥിതി എന്താകുമെന്ന് പിണറായി വിജയന് അറിയാം.

അംബേദ്കറെ ഏറെ ബഹുമാനിക്കുന്നവരാണ് കേരള സമൂഹം. കേരളത്തിന്‍റെ ശബ്ദം വരുന്നത് മുഖ്യമന്ത്രി പ്രതികരിക്കുമ്പോഴാണ്. രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാരെല്ലാം ഇതിനെതിരെ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതുപോലെ സിപിഎം സംസ്ഥാന സെക്രട്ടറിയുടേതോ, സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെയോ പ്രതികരണമൊന്നും കണ്ടില്ല.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വീണാ വിജയനുവേണ്ടി കാണിച്ച ആവേശം അംബേദ്കറെ ആക്ഷേപിച്ചപ്പോള്‍ കണ്ടില്ലെന്നും മാത്യു പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിനുവേണ്ടി നിലകൊണ്ടെന്ന് അവകാശപ്പെടുന്ന പാർട്ടിയാണ് സിപിഎം. ആ സമൂഹത്തിന്‍റെ ആത്മാഭിമാനം വ്രണപ്പെട്ടിട്ട് മുഖ്യമന്ത്രിയോ, സിപിഎമ്മോ ഈ വിഷയത്തില്‍ ഒരു നിലപാടെടുക്കാത്തത് അങ്ങേയറ്റം അപലപനീയവും അപമാനവുമാണെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com