വീണാ വിജയൻ നികുതി അടച്ചിട്ടില്ല, ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചു; മാത്യു കുഴൽനാടൻ

1.72 കോടി രൂപയില്‍, ജിഎസ്ടി അടയ്ക്കും മുൻപ് എത്ര രൂപ വീണയ്ക്ക് ലഭിച്ചു എന്നത് അന്വേഷിക്കണം
mathew kuzhalnadan against veena vijayan
വീണാ വിജയൻ, മാത്യു കുഴൽനാടൻ
Updated on

തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ പണത്തിന് നികുതി അടച്ചെന്ന വാദം തെറ്റാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചതാണെന്നും മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളും മാത്യു പുറത്ത് വിട്ടു.

വീണയ്ക്ക് സര്‍വീസ് ടാക്‌സ് റജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്നു മാത്യു പറഞ്ഞു. നേരത്തേ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചോ എന്ന ചോദ്യത്തിന്, 'നിയമപ്രകാരം സംസ്ഥാനത്തിനു കിട്ടേണ്ട നികുതി കിട്ടി' എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. 2017 മുതലുള്ള ജിഎസ്ടിയുടെ കാര്യമാണ് മന്ത്രി പറഞ്ഞത്.എന്നാൽ ജിഎസ്ടി വരുന്നത് 2017-ലാണ്. അതിനു മുമ്പ് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷനായിരുന്നു. സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷനില്‍ നിന്നും ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ ട്രാന്‍സിഷന്‍ ഫോമാണ് ഫയല്‍ ചെയ്യേണ്ടത്. അപ്പോള്‍ അതിനു മുമ്പ് നികുതി അടച്ചതിന്‍റെ വിവരങ്ങള്‍ ജിഎസ്ടി പോര്‍ട്ടലില്‍ കാണിക്കും. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയപ്പോൾ വീണയുമായി ബന്ധപ്പെട്ട് സേവനനികുതി വകുപ്പിന്‍റെ വിശദാംശങ്ങള്‍ ലഭ്യമല്ല എന്നാണ് മറുപടി ലഭിച്ചത്.ഇതില്‍ നിന്ന് ജിഎസ്ടിക്കു മുമ്പ് വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു എന്നാണ് വ്യക്തമാകുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

1.72 കോടി രൂപയില്‍, ജിഎസ്ടി അടയ്ക്കും മുൻപ് എത്ര രൂപ വീണയ്ക്ക് ലഭിച്ചു എന്നത് അന്വേഷിക്കണം. വീണ നികുതി അടച്ചിരുന്നു എന്ന വാദം തെറ്റാണെന്ന് തെളിയിച്ചാൽ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് സിപിഎം അംഗീകരിക്കുമോയെന്ന് താൻ നേരത്തേചോദിച്ചിരുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും ഇതിൽ മറുപടി പറയണം. ചില പോരാട്ടങ്ങളില്‍ ദൈവം കൂടെ നില്‍ക്കും. മാസപ്പടി കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com