
തിരുവനന്തപുരം: നടി ഹണി റോസിനെക്കുറിച്ചുള്ള ബോബി ചെമ്മണൂരിന്‍റെ അധിക്ഷേപ പരാമർശം കേസും വിവാദവുമായിരിക്കെ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഒരു സ്ത്രീക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അവള്‍ എപ്പോള്‍ പ്രതികരിക്കണം? എന്ന ചോദ്യവുമായാണ് മേയർ രംഗത്തെത്തിയിരിക്കുന്നത്.
സംഭവസ്ഥലത്ത് വച്ച് അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ അഹങ്കാരി പട്ടം ചാര്‍ത്തിക്കിട്ടും. അൽപ്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലയ്ക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്‍റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥയാണ് ഉള്ളതെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം...
ഒരു സ്ത്രീയ്ക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത നിലയില്‍ ആരെങ്കിലും പെരുമാറിയാല്‍ അവള്‍ എപ്പോള്‍ പ്രതികരിക്കണം? വല്ലാത്തൊരു ചോദ്യമാണിത്.
സംഭവസ്ഥലത്ത് വച്ച് അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ അഹങ്കാരി പട്ടം ചാര്‍ത്തിക്കിട്ടും, മറ്റ് നൂറ് സാധ്യതകളുടെ ക്ലാസ്സെടുപ്പാണ് പിന്നെ.
അല്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്‍റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥ.
സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള്‍ പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണ്.