
തിരുവനന്തപുരം: ഓൺലൈൻ മദ്യ വിൽപ്പനയിൽ സർക്കാർ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്ന് മന്ത്രി എം.ബി. രാജേഷ്. ഈ വിഷയത്തിൽ എക്സൈസ് മന്ത്രിയായ തന്‍റെ തീരുമാനമാണ് അന്തിമമെന്നും അതിനു മുകളിൽ മറ്റൊരു ഉദ്യോഗസ്ഥരുമില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഓൺലൈൻ മദ്യ വിൽപ്പന സംബന്ധിച്ച ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി പ്രതികരിച്ചതിനു പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഓൺലൈൻ മദ്യ വിൽപ്പന സംബന്ധിച്ച ചർച്ചകൾ നടക്കട്ടെ, ഇന്നല്ലെങ്കിൽ നാളെ സർക്കാർ അനുമതി നൽകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നുമായിരുന്നു ഹർഷ അത്തല്ലൂരിയുടെ പ്രതികരണം. കേരളത്തിൽ ആവശ്യത്തിന് മദ്യശാലകളില്ല. ഷോപ്പുകളിൽ നിന്ന് വാങ്ങുന്നവർ വീട്ടിലെത്തിയാണ് മദ്യം കഴിക്കുന്നത്. അപ്പോൾ വീട് മദ്യ ശാലയാക്കുന്നു എന്നതിൽ കഴമ്പില്ല.
മുതിർന്നവർ പ്രായപൂർത്തിയാവാത്തവർക്ക് മദ്യം വാങ്ങി നൽകുന്നില്ലെന്ന് എങ്ങനെ പറയാനാവും. നിയമവിരുദ്ധമായി മദ്യം വാങ്ങുന്നുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടത് സർക്കാരും എക്സൈസുമാണ്. ബെവ്കോയുടെ ലക്ഷ്യം ലാഭമാണ്. ഓൺലൈൻ മദ്യ വിൽപ്പനയിലൂടെ മികച്ച ലാഭം ലഭിക്കുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടലെന്നും വരുമാനം കുറയുമെന്ന് ധനവകുപ്പിന്‍റെ ആശങ്കയിൽ കഴമ്പില്ലെന്നും എംടി ഹർഷിത പ്രതികരിച്ചിരുന്നു.