അയ്യപ്പ സംഗമം നടത്താൻ ദേവസ്വം ബോർഡിന്‍റെ പണം എടുത്തത് തിരിച്ചടച്ചില്ല

എട്ടു കോടി രൂപയാണ് അയ്യപ്പ സംഗമത്തിന്‍റെ മൊത്തം ചെലവ്. ഇതില്‍ 3.4 കോടി രൂപ ഇപ്പോഴും കടമായി തുടരുകയാണ്
അയ്യപ്പ സംഗമം നടത്താൻ ദേവസ്വം ബോർഡിന്‍റെ പണം എടുത്തത് തിരിച്ചടച്ചില്ല

എല്ലാം സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണെന്നും ദേവസ്വം ഫണ്ടോ സർക്കാർ ഫണ്ടോ തൊടില്ലെന്നുമായിരുന്നു അന്നത്തെ ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തും ദേവസ്വം മന്ത്രി വി.എന്‍. വാസവനും ആവര്‍ത്തിച്ചിരുന്നത്.

file

Updated on

കൊച്ചി: ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണം എടുത്ത് 'ആഗോള അയ്യപ്പ സംഗമം' നടത്തില്ലെന്നും സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നും ഹൈക്കോടതിയിലടക്കം സത്യവാങ്മൂലം നൽകിയ സർക്കാരിന്‍റെ വാദം പൊളിയുന്നതായി സൂചന. പമ്പയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് ബോര്‍ഡിന്‍റെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവാകില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലം.

എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് തത്കാലത്തേക്കു ചെലവാക്കിയ രണ്ടുകോടിയിലേറെ രൂപ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എല്ലാം സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണെന്നും ദേവസ്വം ഫണ്ടോ സർക്കാർ ഫണ്ടോ തൊടില്ലെന്നുമായിരുന്നു അന്നത്തെ ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തും ദേവസ്വം മന്ത്രി വി.എന്‍. വാസവനും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നത് ഒരു പുകമറ മാത്രമായിരുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എട്ടു കോടി രൂപയാണ് അയ്യപ്പ സംഗമത്തിന്‍റെ മൊത്തം ചെലവ്. ഇതില്‍ 3.4 കോടി രൂപ ഇപ്പോഴും കടമായി തുടരുകയാണ്. സ്‌പോണ്‍സര്‍മാര്‍ വരുമെന്നു കാത്തിരുന്നിട്ട് കാര്യമില്ലെന്നും, ഭക്തരുടെ പണം തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഗമത്തില്‍ തങ്ങള്‍ക്ക് ഒരു റോളുമില്ലെന്ന് കോടതിയില്‍ തടിയൂരിയ സര്‍ക്കാരിന്‍റെ കള്ളക്കളിയാണ് ഇതോടെ പൊളിഞ്ഞത്.

സംഗമത്തിനെത്തിയ പ്രമുഖരെ താമസിപ്പിച്ച മുറി വാടക ഇനത്തില്‍ 37 ലക്ഷത്തിലധികം രൂപയുടെ ബില്ല് വന്നത് സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറുടെ പേരിലാണ്. സര്‍ക്കാരിന് പങ്കില്ലെങ്കില്‍ പിന്നെന്തിനാണ് പ്രോട്ടോകോള്‍ ഓഫിസര്‍ വഴി ബില്ലുകള്‍ പാസാക്കിയതെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി പറയേണ്ടി വരും.

സംഗമത്തിനു പ്രധാന കരാര്‍ നല്‍കിയത് കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിനാണ്. ഒരു തരത്തിലുള്ള ടെന്‍ഡര്‍ നടപടികളും പാലിക്കാതെയാണ് ഈ കരാര്‍ ഉറപ്പിച്ചത്. കലാപരിപാടികള്‍ക്ക് 8 ലക്ഷം രൂപ ചെലവായെന്ന് കണക്കില്‍ കാണിച്ചിട്ടുണ്ടെങ്കിലും രേഖകളിലുള്ളത് വെറും 2 ലക്ഷം രൂപ മാത്രം. ബാക്കി തുക ആരുടെ പോക്കറ്റിലേക്കാണ് പോയതെന്നതില്‍ ദുരൂഹതയേറുന്നു. തെറ്റായ സത്യവാങ്മൂലം നല്‍കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവത്തോടെയാണ് നിയമവൃത്തങ്ങള്‍ കാണുന്നത്.

ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വീണ്ടും ഉണ്ടാകുമെന്നാണ് സൂചന. ഭക്തരുടെ പണം ധൂര്‍ത്തടിച്ചവര്‍ അഴിയെണ്ണേണ്ടി വരുമോ എന്നാണ് ഇനി അറിയേണ്ടത്. ദേവസ്വം ബോര്‍ഡിനുവേണ്ടി സ്വകാര്യ ഏജന്‍സിയാണ് സംഗമത്തിന്‍റെ കണക്കുകള്‍ ഓഡിറ്റ് ചെയ്തത്. 2025 ഓഗസ്റ്റ് 8നു ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷനാണ് അയ്യപ്പ സംഗമത്തിന്‍റെ കരാര്‍ കൊടുത്തത്. ടെന്‍ഡറില്ലായിരുന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപകരാര്‍ കൊടുത്തതിന്‍റെ ബില്ലുകള്‍ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com