കാര്‍ഷികവൃത്തിക്ക് യന്ത്രവല്‍കൃതസേന അനിവാര്യം : മന്ത്രി പി. പ്രസാദ്

യന്ത്രസഹായത്തോടെയുള്ള ജോലികള്‍ കര്‍ഷകനും തൊഴിലാളിക്കും ഒരേ പോലെ ലാഭം നേടാന്‍ സഹായിക്കും.
കാര്‍ഷികവൃത്തിക്ക് യന്ത്രവല്‍കൃതസേന അനിവാര്യം : മന്ത്രി പി. പ്രസാദ്
Updated on

പത്തനംതിട്ട : കാര്‍ഷികവൃത്തിയില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗം യന്ത്രവല്‍കൃത സേനയെന്ന് കൃഷി  മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പറക്കോട് ബ്ലോക്ക്/അടൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച  കൃഷിശ്രീ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്‍റര്‍ ആണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക ഇടങ്ങളില്‍ കാണുന്ന ചെല്ലി പോലെയുള്ള ജീവികളുടെ  ശല്യം, കൃഷിക്ക് ആവശ്യമായ ജോലി ചെയ്യാന്‍ ആളെ കിട്ടതാകുക തുടങ്ങി കാര്‍ഷികവൃത്തിക്ക് തടസമാകുന്ന പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാര്‍ഗമായി, യന്ത്രവല്‍കൃത സേനയായി കര്‍ഷക തൊഴിലാളികള്‍ മാറണം. യന്ത്രസഹായത്തോടെയുള്ള ജോലികള്‍ കര്‍ഷകനും തൊഴിലാളിക്കും ഒരേ പോലെ ലാഭം നേടാന്‍ സഹായിക്കും.

യന്ത്രങ്ങളുടെ സഹായത്തോടെയുള്ള തൊഴില്‍ സേന ഉണ്ടെങ്കില്‍ മാത്രമേ കൃഷിചെയ്യാന്‍ ആളുകളെ കിട്ടുന്നില്ല എന്ന പരാതി പരിഹരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ പണം മുടക്കാതെ തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടുന്നതിനും സഹായകരമാകുകയുള്ളൂ.പരിശീലനം ലഭിച്ച തൊഴിലാളികള്‍ക്ക് യന്ത്രങ്ങളും ലഭ്യമാകണം. കൃഷിശ്രീ എന്നതു കൊണ്ട് ഉദ്ദേശിക്കുന്ന പ്രധാന കാര്യമിതാണെന്നും മന്ത്രി പറഞ്ഞു.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 22000ന് മുകളില്‍ കൃഷികൂട്ടങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മേയ് 16 നു മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് കൃഷി കൂട്ടങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടത്തുമെന്നും  മന്ത്രി പറഞ്ഞു. കേരള കൃഷി വകുപ്പിന്റെ ഫാമുകളില്‍ ഉത്പാദിപ്പിച്ച 131 ഉത്പന്നങ്ങള്‍  ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്നതായും മന്ത്രി പറഞ്ഞു.

പറക്കോട് ബ്ലോക്കിന് കീഴിലെ അടൂര്‍ മുനിസിപ്പാലിറ്റി, കടമ്പനാട്, ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം, പള്ളിക്കല്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് മാത്രമല്ല കോന്നി മണ്ഡലത്തിലെ പറക്കോട് ബ്ലോക്ക് അതിര്‍ത്തി പങ്കിടുന്ന പഞ്ചയത്തുകള്‍ക്കും കൃഷിശ്രീ സെന്‍ററിന്‍റെ സേവനം ലഭ്യമാകുമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ട്രാക്ടറിന്‍റെ താക്കോല്‍ദാനവും, കൃഷിശ്രീ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. തുളസീധരന്‍ പിള്ള, അടൂര്‍ നഗസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ്, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുശീല കുഞ്ഞമ്മകുറുപ്പ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. മണിയമ്മ, തുടങ്ങിയവര്‍ പങ്കെടുത്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com