
കൊച്ചി: മാധ്യമ പ്രവർത്തകർക്കു വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റായ എസ്‌എച്ച് മീഡിയ കപ്പിന്‍റെ മൂന്നാം സീസൺ ജൂൺ 10ന് തുടങ്ങും. 12ന് ഫൈനൽ. തേവര സേക്രഡ് ഹാർട്ട് കോളെജ്, എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ചാണ് മീഡിയ കപ്പ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ടീമുകളായിരിക്കും എസ്‌എച്ച് കോളെജ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്‍റിൽ മാറ്റുരയ്ക്കുക. അൻപതിനായിരം രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപത്തിയായ്യായിരം രൂപയും ട്രോഫിയും. ടൂർണമെന്‍റിലെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, വിക്കറ്റ് കീപ്പർ, ഫീല്‍ഡര്‍ എന്നിങ്ങനെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ക്കും അവാര്‍ഡുകളുണ്ട്. മീഡിയ കപ്പിന്‍റെ ആദ്യ രണ്ട് സീസണുകളിൽ യഥാക്രമം ഫ്ലവേഴ്സ് ടിവിയും മെട്രൊ വാർത്തയുമായിരുന്നു ജേതാക്കൾ.
എസ്‌എച്ച് മീഡിയ കപ്പ് സീസൺ 3 ലോഗോ ഹൈബി ഈഡൻ എംപി ബാങ്ക് ഓഫ് ബറോഡ ജനറൽ മാനെജർ ശ്രീജിത്ത് കൊട്ടാരത്തിലിനു നൽകി പ്രകാശനം ചെയ്തു. മീഡിയ കപ്പിന്‍റെ അനിമേറ്റഡ് പ്രൊമോ വീഡിയോ പ്രകാശനം ശ്രീജിത്ത് കൊട്ടാരത്തിൽ നിർവഹിച്ചു. പ്രസ് ക്ലബ്ബിൽ നടത്തിയ ചടങ്ങിൽ പ്രസ് ക്ലബ് വൈസ് പ്രസിഡന്‍റ് ജിജീഷ് കരുണാകരൻ അധ്യക്ഷത വഹിച്ചു. തേവര സേക്രഡ് ഹാർട്ട് കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസ് ജോൺ, ബാബു ജോസഫ്, മീഡിയ കപ്പ് കോഓർഡിനേറ്റർ സുജിത് നാരായണൻ, അഷ്റഫ് തൈവളപ്പ്, അനിൽ സച്ചു എന്നിവർ സംസാരിച്ചു.