മെഡിക്കല്‍ ഇൻഷ്വറന്‍സ് ക്ലെയിമുകള്‍ നിരസിക്കുന്നത് വ്യാപകമാകുന്നു

ക്ലെയിമുകള്‍ നിരസിക്കുന്ന പ്രവണത വർധിക്കുന്നത് ഏജന്‍റുമാരെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്
Medical insurance concept
Medical insurance conceptImage by Freepik

ജിഷ മരിയ

കൊച്ചി: ആരോഗ്യ ഇൻഷ്വറന്‍സ് അടക്കമുള്ള വിവിധ ഇൻഷ്വറന്‍സ് ക്ലെയിമുകള്‍ നിരസിക്കുന്നത് ഇൻഷ്വറന്‍സ് മേഖലയില്‍ വ്യാപകമാകുന്നു. ഇതുമൂലമുള്ള പരാതികള്‍ ഇൻഷ്വറന്‍സ് ഒമ്പുഡ്‌സ്മാന്‍റെ ഓഫീസില്‍ കുന്നുകൂടുകയാണ്.

പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ഇൻഷ്വറന്‍സ് കമ്പനികള്‍ നഷ്ടത്തിലായതാണ് ക്ലെയിം റിക്വസ്റ്റുകൾ കൂടുതലായി നിരസിക്കാൻ കാരണമായി പറയപ്പെടുന്നത്. ക്ലെയിമുകള്‍ നിരസിക്കുന്ന പ്രവണത വർധിക്കുന്നത് ഏജന്‍റുമാരെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്. കമ്പനികളില്‍ സമ്മര്‍ദം ചെലുത്തി ക്ലെയിമുകള്‍ അനുവദിപ്പിക്കാന്‍ ശ്രമിക്കുന്ന ഏജന്‍റുമാര്‍ക്ക് സീറോ കമ്മിഷന്‍ എന്നതാണ് മേഖലയിലെ പുതിയ നയമെന്ന് ഏജന്‍റുമാരുടെ സംഘടന കുറ്റപ്പെടുത്തുന്നു.

സ്വകാര്യ-പൊതുമേഖലകളിലായി രാജ്യത്ത് 30 ഇൻഷ്വറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാൽപ്പത്തിനായിരത്തിലധികം ഏജന്‍റുരാണ് മേഖലയിൽ പ്രവർത്തിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രീമിയം തുകയില്‍ ഇളവുംമറ്റും അനുവദിച്ചുകൊണ്ട് മേഖലയില്‍ കിടമത്സരം വ്യാപകമായതാണ് കമ്പനികള്‍ നഷ്ടത്തിലാകാന്‍ കാരണമായി പറയുന്നത്.

ക്ലെയിമുകളുടെ എണ്ണപ്പെരുപ്പം മൂലം വന്‍തുക കമ്പനികള്‍ക്ക് നല്‍കേണ്ടിവരുന്നുണ്ട്. പൊതുമേഖലയില്‍ മൂന്നും സ്വകാര്യ മേഖലയില്‍ 26 ഉം, സ്വകാര്യ-പൊതുമേഖലാ സംരംഭമായി ഒരു ഇൻഷ്വറന്‍സ് കമ്പനിയുമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ രണ്ടുമാസമായി സ്വകാര്യ ഇൻഷ്വറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ക്ക് സീറോ കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്വതന്ത്ര സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് ജനറല്‍ ഇൻഷ്വറന്‍സ് ഏജന്‍സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ ഇൻഷ്വറന്‍സ് മേഖലയില്‍ ക്ലെയിമുകള്‍ ഭാഗികമായോ പൂര്‍ണമായോ നിരസിക്കുക, വാഹന ക്ലെയിമുകളില്‍ തീര്‍പ്പ് വൈകിക്കുക, ഏജന്‍റുമാരുടെ സാമ്പത്തികാനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുക എന്നീ നടപടികളാണ് നഷ്ടം നികത്താന്‍ ഇൻഷ്വറന്‍സ് കമ്പനികള്‍ പയറ്റുന്നത്.

സംസ്ഥാനത്ത് മെഡിക്കല്‍ ഇൻഷ്വറന്‍സ് ക്ലെയിമുകളില്‍ അടുത്ത കാലത്ത് വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതു ഇൻഷ്വറന്‍സ് കമ്പനികളെ വന്‍ സാമ്പത്തികക്കെണിയിലേക്ക് തള്ളിവിട്ടതായും സൂചനയുണ്ട്. ഇതോടെ തലനാരിഴ കീറിയാണ് ക്ലെയിമുകള്‍ ഇൻഷ്വറന്‍സ് കമ്പനികള്‍ പരിശോധിക്കുന്നത്. ക്ലെയിമുകളില്‍ സംശയം തോന്നുന്ന പക്ഷം പൂര്‍ണമായോ ഭാഗികമായോ നിരസിക്കപ്പെടുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com