ലോ​റി​യി​ലെ ക​രി​ങ്ക​ല്ല് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ര്‍ഥി​ക്ക് ദാ​രു​ണാ​ന്ത്യം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

അദാനി പോര്‍ട്ടിലേക്ക് അമിതഭാരവുമായി അമിതവേഗത്തില്‍ വരുന്ന ടിപ്പറുകള്‍ മനുഷ്യജീവന് അപകടമാണെന്ന് പ്രദേശവാസികള്‍
അനന്തു ബി. അജികുമാര്‍
അനന്തു ബി. അജികുമാര്‍

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തേക്ക് പാറയുമായി പോയ ടിപ്പറില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി ഡെന്‍റൽ കോളെജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി, മുല്ലൂര്‍ കാഞ്ഞിരംവിള അനന്തുഭവനില്‍ അജികുമാര്‍- പി.എസ്. ബിന്ദു ദമ്പതികളുടെ മകന്‍ അനന്തു ബി. അജികുമാര്‍ (24) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ വിഴിഞ്ഞം മുക്കോല-ബാലരാമപുരം റോഡില്‍ മണലിയിലായിരുന്നു അപകടം. അനന്തു കോളെജിലേക്ക് പോകുകയായിരുന്നു. കരിങ്കല്ലുമായി എതിരെ വന്ന ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും അനന്തുവിന്‍റെ നെഞ്ചിലാണ് കരിങ്കല്ലു പതിച്ചത്. ഇതിന്‍റെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ചു. യുവാവിനെ ഉടനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നിംസ് മെഡിസിറ്റിയിലും എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

ടിപ്പര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയശേഷം ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അലക്ഷ്യമായും അപകടകരമായും വാഹനമോടിക്കുക എന്നീ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തതായി വിഴിഞ്ഞം എസ്ഐ ജെ.ബി. അരുണ്‍കുമാര്‍ അറിയിച്ചു.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്ന് രാവിലെ നിംസ് മെഡിസിറ്റിയില്‍ പൊതുദര്‍ശനത്തിനു ശേഷം മുക്കോലയിലെ വീട്ടില്‍ എത്തിക്കും. ഗള്‍ഫിലുള്ള പിതാവും പാലക്കാട് നിന്ന് സഹോദരിയും എത്തിയശേഷം സംസ്കരിക്കും.

നരഹത്യയ്ക്ക് കേസ് എടുക്കണം

അദാനി പോര്‍ട്ടിലേക്ക് അമിതഭാരവുമായി അമിതവേഗത്തില്‍ വരുന്ന ടിപ്പറുകള്‍ മനുഷ്യജീവന് അപകടമാണെന്ന് പ്രദേശവാസികള്‍. ടിപ്പറിന്‍റെ ബോഡിനിരക്കില്‍ നിന്നും കൂടുതല്‍ കല്ല് കയറ്റി വന്നതുകൊണ്ടാണ് കല്ല് തെറിച്ചുവീണ് ദാരുണമായ അപകടമുണ്ടായത്. ഇതില്‍ നിസാര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അദാനി പോര്‍ട്ടിന് കരിങ്കല്ല് നല്‍കുന്ന കമ്പനിയെയും കൂടി പ്രതിയാക്കി നരഹത്യയ്ക്കുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് ഡിസിസി ട്രഷറര്‍ കെ.വി. അഭിലാഷ് ആവശ്യപ്പെട്ടു.

മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

സുരക്ഷാവീഴ്ച പരിശോധിച്ച് ജില്ലാ കലക്റ്ററും ജില്ലാ പൊലീസ് മേധാവിയും പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിർദേശിച്ചു. ഏപ്രില്‍ 2ന് തിരുവനന്തപുരം കമ്മിഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദ്യശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com