സ്ഥാനാർഥി പരിചയം: കൊല്ലം മണ്ഡലം
editorial

സ്ഥാനാർഥി പരിചയം: കൊല്ലം മണ്ഡലം

കേരളത്തിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർഥികളെ മണ്ഡലങ്ങളിൽ നിന്നു നേരിട്ടു പരിചയപ്പെടുത്തുന്ന പരമ്പര തുടരുന്നു. ഇത്തവണ കൊല്ലം മണ്ഡലം.

ശരത് ഉമയനല്ലൂർ

കേരളത്തിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർഥികളെ മണ്ഡലങ്ങളിൽ നിന്നു നേരിട്ടു പരിചയപ്പെടുത്തുന്ന പരമ്പര തുടരുന്നു. ഇത്തവണ കൊല്ലം മണ്ഡലം. ആർഎസ്‌പിയുടെ സിറ്റിങ് എംപി എൻ.കെ. പ്രേമചന്ദ്രൻ തന്നെ ഇത്തവണയും യുഡിഎഫിനെ പ്രതിനിധീകരിക്കുന്നു. എൽഡിഎഫ് പ്രതിനിധിയും കൊല്ലം എംഎൽഎയുമായ എം. മുകേഷാണ് പ്രധാന എതിരാളി.

മുകേഷ്, കൊല്ലത്തിന്‍റെ ബ്രാൻഡ് അംബാസിഡർ

നാടകാചാര്യൻ ഒ. മാധവന്‍റെ മകൻ, അഭിനേതാവ്, അവതാരകൻ, രണ്ടു തവണ കൊല്ലം എംഎൽഎ, എല്ലാത്തിനുമുപരി കൊല്ലത്തിന്‍റെ ബ്രാൻഡ് അംബാസഡർ... കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷിന് വിശേഷണങ്ങൾ ഏറെ. കൈവിട്ടുപോയ കൊല്ലം പാർലമെന്‍റ് മണ്ഡലത്തെ തിരികെ പിടിക്കാൻ എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് കൊല്ലം നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ എം. മുകേഷിനെ.

മുകേഷിനു പുറമേ സിറ്റിങ് എംഎൽഎ ഡോ. സുജിത് വിജയൻപിള്ള, മുൻ എംഎൽഎ പി. അയിഷാ പോറ്റി, മുൻ എംപിയും ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറിയുമായ സി.എസ്. സുജാത, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് എന്നിങ്ങനെ നിരവധി പേരുകൾ പൊങ്ങി വന്നെങ്കിലും മുകേഷിനുള്ള ജനപ്രീതി മുതലാക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.

സിപിഐ കുടുംബമാണെങ്കിലും മുകേഷ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് സിപിഎം ടിക്കറ്റിൽ, പാർട്ടി ചിഹ്നത്തിൽ. ചലച്ചിത്ര ലോകത്ത് താരത്തിളക്കത്തിൽ നിൽക്കുമ്പോഴാണ് 2016ൽ ഇടതുപക്ഷം കൊല്ലം നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചത്. സിനിമാ താരം എംഎൽഎ ആയാൽ നാട്ടിൽ കാണാൻ കിട്ടില്ലെന്നായിരുന്നു അന്നു പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. എല്ലാം തളിക്കളഞ്ഞ് 17,611 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കൊല്ലം ജനത മുകേഷിനെ തെരഞ്ഞെടുത്തത്. യുഡിഎഫ് സ്ഥാനാർഥി സൂരജ് രവിയെയാണ് മുകേഷ് തറപറ്റിച്ചത്. വികസന പ്രവർത്തനങ്ങളുടെ പിൻബലത്തിൽ 2021 ലും വിജയം ആവർത്തിച്ചു. കോൺഗ്രസിൽ നിന്നും മത്സരത്തിനിറങ്ങിയ ബിന്ദു കൃഷ്ണയെയാണ് ഇത്തവണ മുകേഷ് പരാജയപ്പെടുത്തിയത്. 12 വർഷത്തെ വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് മുകേഷ് കൊല്ലം പാർലമെന്‍റ് മണ്ഡലത്തിൽ അങ്കത്തിനിറങ്ങിയത്.

സിരകളിൽ വിപ്ലവ- നാടകാവേശങ്ങളുടെ ഗന്ധകം നിറച്ച പ്രതിഭാധനനായ ഒ. മാധവന്‍റെ മകന് ജനങ്ങളെ ചേർത്തുനിർത്താൻ മറ്റൊരു പാഠശാലയുടെ ആവശ്യം വരുന്നില്ല. വോട്ട് ചോദിച്ച് ചെല്ലുന്നിടങ്ങളിലെല്ലാം ഹൃദ്യമായ സ്വീകരണം. സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും കൊല്ലത്തിന്‍റെ തനത് ശൈലിയിലുള്ള ഭാഷാപ്രയോഗത്തിലൂടെ കൊല്ലത്തിന്‍റെ അംബാസിഡറായി മാറിയ താരം കലയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുനടക്കുന്ന കൊല്ലത്തിന്‍റെ നായകനാണ്. താരത്തിളക്കത്തിനപ്പുറത്ത് വികസന ക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനമനസിൽ ചിരപ്രതിഷ്ഠ നേടിയാണ് പാർലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് കടന്നത്.

കൊല്ലം പട്ടത്താനം കിഴക്കേ വീട്ടിൽ നാടകചാര്യൻ ഒ മാധവൻ, നാടക ചലച്ചിത്ര നടി വിജയകുമാരി ദമ്പതികളുടെ മകനായി 1957 മാർച്ച് 5ന് ജനനം. തങ്കശ്ശേരി ഇൻഫന്‍റ് ജീസസ് സ്‌കൂളിലെ പഠനത്തിനുശേഷം കൊല്ലം എസ്എൻ കോളെജിൽ നിന്ന് സയൻസിൽ ബിരുദമെടുത്തു. തിരുവനന്തപുരം ലോ കോളെജിൽ എൽഎൽബിക്ക് രണ്ടാം വർഷം പഠിക്കവെയാണ് ചലച്ചിത്രരംഗത്ത് സജീവമായത്. പഠനത്തോടൊപ്പം നാടകങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തി. കൊല്ലം എസ്എൻ കോളെജിൽ പഠിക്കുന്ന കാലത്താണ് മുകേഷിലെ കലാകാരന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ഏകാംഗ നാടകങ്ങളുൾപ്പെടെ വ്യത്യസ്തത പരിപാടികൾ വേദികളിൽ അവതരിപ്പിച്ച അദ്ദേഹം കോളെജിലെ നായകനായി മാറുകയായിരുന്നു. 1982ൽ നാന സിനിമ വാരികയുടെ ഉടമസ്ഥൻ കൃഷ്ണസ്വാമി റെഡ്യാർ നിർമ്മിച്ച ബലൂണിലൂടെയാണ് സിനിമയിലേക്ക് പ്രവേശനം.

തീപാറും താരയുദ്ധം

താരങ്ങളുടെ ഏറ്റുമുട്ടലാണ് ഇത്തവണ കൊല്ലത്ത് നടക്കുന്നത്. രണ്ടു പേർ വെള്ളിത്തിരയിൽ നിന്നുള്ളവരാണെങ്കിൽ ഒരാൾ പാർലമെന്‍റിലെ താരം. എൻഡിഎ സ്ഥാനാർഥിയായി അങ്കത്തട്ടിലുള്ളത് പ്രമുഖ നടൻ ജി. കൃഷ്ണകുമാറാണ്. കൊല്ലത്തെ സിറ്റിങ് എംപി എൻ.കെ. പ്രേമചന്ദ്രനാണ് യുഡിഎഫ് സാരഥി. മൂവരും സജീവ രാഷ്‌ട്രീയത്തിൽ ചിരപരിചിതർ. ചുരുക്കത്തിൽ കൊല്ലത്ത് തീപാറും താരയുദ്ധം.

നടനും കലാകാരനുമെന്ന നിലയിലും കുടുംബമനസുകൾക്ക്‌ പ്രിയങ്കരനാണ്‌ മുകേഷ്‌. കൊല്ലമാകെ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യം. സ്ഥാനാർഥിത്വ പ്രഖ്യാപനം ആദ്യമേ തന്നെ വന്നതിനാൽ മുകേഷിന്‍റെ പ്രചാരണം രണ്ടാം ഘട്ടം പകുതി പിന്നിട്ടു. റോഡ് ഷോ നടത്തിയ ശേഷം സ്ഥാപനങ്ങളിലും വ്യക്തികളെയും സന്ദർശിക്കുയായിരുന്നു ആദ്യപടി. പിന്നീട് മണ്ഡലപര്യടനം തുടങ്ങി. അതാണിപ്പോൾ രണ്ടാംഘട്ടം പിന്നിട്ടത്.

പോസ്റ്റർ പ്രചാരണവും മണ്ഡലപര്യടനവും റോഡ് ഷോകളും രണ്ടാംഘട്ടം പിന്നിട്ടു. നാമനിർദേശ പത്രിക സമർപ്പണവും ഇന്നലെ നടന്നു. തീരദേശത്തുള്ളവരാണു കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. തൊട്ടടുത്ത ദിവസങ്ങളിൽ സ്ഥാനാർഥിയുടെ സ്വീകരണങ്ങളിലേക്കു കടക്കും. ക്യാമ്പസുകളിലെ യുവവോട്ടർമാരുടെ വോട്ടുറപ്പിക്കലിന് പ്രത്യേക ശ്രദ്ധനൽകുന്നുണ്ട്. കൊല്ലം, ഇരവിപുരം, ചവറ, ചാത്തന്നൂർ, കുണ്ടറ, ചടയമംഗലം, പുനലൂർ മണ്ഡലങ്ങൾ ഉൾപ്പെട്ട കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എല്ലായിടത്തും മുക്കിലും മൂലയിലും ആദ്യഘട്ട പര്യടനം വിജയകരമായി പൂർത്തിയാക്കി.

കുണ്ടറ ഒഴികെ നിയമസഭാ മണ്ഡലങ്ങളും ഭൂരിപക്ഷം നഗരസഭകളും ത്രിതലപഞ്ചായത്തുകളും എൽഡിഎഫിനൊപ്പമാണ്. അതുകൊണ്ടുതന്നെ ചെല്ലുന്നയിടങ്ങളിലെല്ലാം ഹൃദ്യമായ സ്വീകരണമാണു സ്ഥാനാർഥിക്കു ലഭിക്കുന്നത്. തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ മുകേഷിന് പിന്തുണയർപ്പിച്ച് നൂറുകണക്കിനു പേരാണ് സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്നത്.

സ്ഥാനാർഥിയുടെ നൃത്തം വൈറൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തം ചെയ്ത് വൈറലാവുകയാണ് എൽഡിഎഫ് സ്ഥാനാർഥി. കൊല്ലം ആര്യങ്കാവ് കരയാളാർ തോട്ടത്തിൽ തന്നെ സ്വീകരിക്കാനെത്തിയ സംഘത്തിനൊപ്പമാണ് മുകേഷ് ചുവടുവച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സ്ഥാനാർഥിയുടെ നൃത്തം.

'എനിക്ക് ചെയ്യാൻ പറ്റുന്ന ഈസിയായിട്ടുള്ള സ്റ്റെപ്പ് കാണിച്ചു തരുമോ' എന്നാണ് തന്നെ നൃത്തം ചെയ്തു സ്വീകരിക്കാനെത്തിയ സ്ത്രീകളുടെ സംഘത്തോട് മുകേഷ് ചോദിച്ചത്. അപ്പോള്‍ കൈ മുൻപിലേക്കാക്കി പിന്നീട് പുറകിലോട്ട് എടുത്തു കൊണ്ടുള്ള സ്റ്റെപ്പ് സ്ത്രീകള്‍ കാണിച്ചുകൊടുത്തു. എങ്ങനെ എങ്ങനെ എന്ന് ചോദിച്ചുകൊണ്ട് സസൂക്ഷ്മം സ്റ്റെപ്പ് പഠിച്ച സ്ഥാനാർഥി, നാടൻപാട്ടിനൊപ്പം ആവേശപൂർവം ചുവടുവയ്ക്കുകയും ചെയ്തു.

ബുധനാഴ്ച സ്ഥാനാർഥിയുടെ പ്രചാരണത്തിന് മൂർച്ചകൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിച്ച ബഹുജന റാലി കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി ശ്രീകുമാറിന്‍റെ വീട്ടിലെത്തി അമ്മയെ സന്ദർശിച്ചു. കഥാപ്രസംഗകലയെ ലോകത്തിന്‍റെ ഉന്നതിയിലേക്കെത്തിച്ച കൊല്ലത്തിന്‍റെ പ്രിയപ്പെട്ട കാഥികൻ പ്രൊഫ. വി. സാംബശിവൻ സ്മാരകത്തിലും സ്ഥാനാർഥി പുഷ്പാർച്ചന നടത്തി. തുടർന്ന് കൊല്ലം, ചവറ മണ്ഡലങ്ങളിലെ വിവിധയിടങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി. കയർ, കശുവണ്ടി തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മലയോരമേഖയും തോട്ടം മേഖലകളും ഉൾപ്പെട്ടു വരുന്ന കൊല്ലത്ത് സാമൂദാ‌യിക ശക്തികളുടെ വോട്ടും നിർണായകം തന്നെയാണ്.

കേരളം കേരളമായി നിലനിർത്താൻ എൽഡിഎഫിനേ സാധിക്കൂ: മുകേഷ്

കൊല്ലം തൊഴിലാളികളുടെ ജില്ലയാണെന്നും അവരോട് മുഖദാവിൽ വോട്ട് ചോദിക്കുന്നത് പ്രത്യേക സന്തോഷമെന്നും സ്ഥാനാർഥി എം. മുകേഷ് പറയുന്നു. കേരളം കേരളമായി നിലനിറുത്താൻ എൽഡിഎഫിന് മാത്രമേ സാധിക്കൂവെന്ന് എല്ലാവർക്കും മനസിലായി കഴിഞ്ഞു. പ്രചരണത്തിനിടെ എല്ലാവരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസമുണ്ട്.

വരും ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമായി മണ്ഡലത്തില്‍ സജീവമാകാനാണ് തീരുമാനം. സ്ഥാനാർഥി പ്രഖ്യാപനം ഉള്‍പ്പെടെ വേഗത്തിലാക്കിയാണ് ഇത്തവണ എല്‍ഡിഎഫ് കൊല്ലത്ത് പ്രചാരണം നേരത്തെ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആളുകളെ കണ്ട് അവരുമായി പരിചയം പുതുക്കിയപ്പോള്‍ അതെല്ലാം സിനിമക്ക് വേണ്ടിയുള്ളതാണെന്നും വോട്ടായി മാറില്ലെന്നുമായിരുന്നു എതിരാളികള്‍ പറഞ്ഞത്. എന്നിട്ടും തന്നെ ജനങ്ങള്‍ പിന്തുണച്ചു. എംഎല്‍എയായി. അതുപോലെ ഈ ലോക്സഭ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും മുകേഷ്. വേനൽച്ചൂട് സ്ഥാനാർഥിക്ക് പ്രശ്നമല്ല. അതേക്കുറിച്ച് പറയുന്നത് 'ചൂടില്‍ തളരില്ല. ഇതിനേക്കാള്‍ വലിയ ചൂടില്‍ അഭിനയിച്ചിട്ടുണ്ട്. പ്രചാരണത്തില്‍ പ്രവര്‍ത്തകരുടെ ആവേശമാണ് വലുത് '.

എൻ.കെ. പ്രേമചന്ദ്രൻ: കൊല്ലത്തിന്‍റെ സ്വന്തം 'പ്രേമലു'

ശരത് ഉമയനല്ലൂർ

''പിന്നിട്ട പാതയോരങ്ങളിൽ ആയിരങ്ങളുടെ... പതിനായിരങ്ങളുടെ... സ്വീകരണങ്ങൾ ഏറ്റുവാങ്ങി നമ്മുടെ സാരഥി ഇതാ ഈ വാഹനത്തിന്‍റെ തൊട്ടുപിന്നാലെ കടന്നു വരുന്നു....''

അനൗൺസ്മെന്‍റ് വണ്ടി പതിയെ മുന്നോട്ടു നീങ്ങുമ്പോൾ തൊട്ടുപിറകിൽ കൊല്ലത്തുകാരുടെ സ്വന്തം സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. ജനലക്ഷങ്ങളുടെ കൃതജ്ഞതാസ്മിതങ്ങളേറ്റുവാങ്ങി കൈവീശിക്കാണിച്ച് കടന്നുപോകുന്ന സ്ഥാനാർഥി വോട്ട് ചോദിച്ചില്ലെങ്കിലും കൊല്ലത്തുകാർക്ക് പരിഭവമില്ലത്രേ, അവരിലൊരാളാണ് ആ കടന്നു പോകുന്നതെന്ന് അവർക്കറിയാം.

സ്നേഹവിശ്വാസങ്ങളുടെ പുഴയായി നാടിന്‍റെ സിരകളിലേക്ക് പടരുന്ന സ്ഥാനാർഥി. ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. മികച്ച വാഗ്മി, ജനകീയൻ.... പ്രേമചന്ദ്രനെ കൊല്ലത്തുകാരോട് അടുപ്പിക്കുന്നതിന് കാരണം വേറെ അന്വേഷിക്കേണ്ടതില്ല. യുഡിഎഫിന് കൊല്ലത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ രണ്ടാമത‌ൊന്നു ചിന്തിക്കേണ്ടതായും വരുന്നില്ല. സിറ്റിങ് എംപിയും ആർഎസ്പി നേതാവുമായ എൻ.കെ. പ്രേമചന്ദ്രന്‍റെ പേര് പറയാതെ പറയുന്നു. തുടർച്ചയായി രണ്ടു വിജയങ്ങൾ വീതം രണ്ടു തവണയായാണ് പ്രേമചന്ദ്രൻ ഇവിടെ നാല് വിജയം നേടിയത്. പ്രേമചന്ദ്രന്‍റെ സ്ഥാനാർഥി പ്രഖ്യാപനം തെരഞ്ഞെടുപ്പു ചർച്ചകൾക്കു മുൻപേ തന്നെ വന്നതിനാൽ ചുവരെഴുത്തിലും പ്രചാരണത്തിലും മുന്നിലെത്തി. നിലവിൽ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. കൊല്ലം മണ്ഡലത്തിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു തന്നെയാണ് യുഡിഎഫിന്‍റെ വോട്ട് പിടിത്തം.

എൽഡിഎഫിൽ നിന്ന് കൊല്ലത്തെ സിറ്റിങ് എംഎൽഎ എം. മുകേഷും എൻഡിഎയ്ക്കു വേണ്ടി ജി. കൃഷ്ണകുമാറുമാണ് പ്രേമചന്ദ്രനെക്കൂടാതെ കൊല്ലത്തിന്‍റെ അങ്കത്തട്ടിലുള്ളത്. കൈവിട്ട കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാൻ സിറ്റിങ് എംഎൽഎയായ താരത്തെയിറക്കി എൽഡിഎഫ് മുന്നേറുമ്പോൾ സീറ്റ് നിലനിർത്താനാണ് യുഡിഎഫ് ശ്രമം. വിജയിക്കാൻ പറ്റിയില്ലെങ്കിലും സ്വാധീനം തെളിയിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ.

ദേശിംഗനാടിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം

ഇടതിനെയും വലതിനെയും മാറിമാറി വരിച്ച ഏടാണ് ദേശിംഗനാടായ കൊല്ലത്തിന്‍റെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലുള്ളത്. പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തിൽ ദ്വയാംഗമണ്ഡലങ്ങളുടെ പട്ടികയിലായിരുന്ന കൊല്ലത്തെ 1952ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻ. ശ്രീകണ്‌ഠൻനായരും ആർ. വേലായുധനും പ്രതിനിധാനം ചെയ്തു. 1957ൽ പി.കെ. കൊടിയനും വി. പരമേശ്വരൻനായരുമായിരുന്നു എംപിമാർ. 1962, 1967, 1971, 1977 തെരഞ്ഞെടുപ്പുകളിൽ ആർഎസ്‌പിയിലെ എൻ. ശ്രീകണ്‌ഠൻനായർ വിജയിച്ച് കൊല്ലത്തിന്‍റെ മണ്ണ് ആർഎസ്പിയുടേതെന്ന് കുറിച്ചു. എന്നാൽ, 1980ൽ കോൺഗ്രസിൽനിന്ന്‌ ബി.കെ. നായർ വിജയിച്ചു. 1984, 1989, 1991 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എസ്‌. കൃഷ്‌ണകുമാർ കൊല്ലം യുഡിഎഫിനായി നിലനിർത്തി. 1996ല്‍ ഇടതുമുന്നണിയിലായിരുന്ന ആർഎസ്പിയിൽ നിന്ന് ആദ്യമായി എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്‍റിലേക്ക് മത്സരിക്കാനിറങ്ങി. കൃഷ്ണകുമാറിനെ 78,370 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ പ്രേമചന്ദ്രൻ 1998ല്‍ കോണ്‍ഗ്രസിലെ കെ.സി. രാജനെ 71,762 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. 1996, 98 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച പ്രേമചന്ദ്രനെ തഴഞ്ഞ് 1999 ൽ സീറ്റ് സിപിഎം ഏറ്റെടുത്തു. 1999ല്‍ സിപിഎം സ്ഥാനാര്‍ഥി പി. രാജേന്ദ്രന്‍ കോണ്‍ഗ്രസിലെ എം.പി. ഗംഗാധരനെ പരാജയപ്പെടുത്തി. 2004ല്‍ വീണ്ടും മത്സരിച്ച പി. രാജേന്ദ്രന്‍ കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തി. 2009ല്‍ കോണ്‍ഗ്രസിലെ എന്‍. പീതാംബരക്കുറുപ്പിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.

സിപിഎം സീറ്റ് നിഷേധിച്ച ആർഎസ്പി 2014ൽ യുഡിഎഫിലെത്തി. എൽഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ യുഡിഎഫിനായി മത്സരത്തിനിറങ്ങിയപ്പോൾ എൽഡിഎഫിനു സീറ്റ് നഷ്ടമായി. കുണ്ടറ എംഎൽഎയായിരുന്ന എം.എ. ബേബിയെയാണ് കൊല്ലം പിടിക്കാൻ 2014ൽ സിപിഎം നിയോഗിച്ചത്. പ്രേമചന്ദ്രന്‍റെ ജനകീയതയിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ടു ചോർന്നതോടെ എം.എ. ബേബി തോൽവിയറിഞ്ഞു. 2019ൽ ജില്ലാ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ സിപിഎം രംഗത്തിറക്കിയെങ്കിലും 37,649 ആയിരുന്ന എൻ.കെ. പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം 1,48,856 ആയി ഉയർന്നത് ചരിത്രം.

എതിരാളികളുടെ വിലകുറഞ്ഞ രാഷ്‌ട്രീയം കാര്യമാക്കുന്നില്ല: പ്രേമചന്ദ്രൻ

സര്‍ക്കാര്‍ ബില്ലുകള്‍ക്കുളള ഭേദഗതി, സ്വകാര്യ ബില്ലുകള്‍, സ്വകാര്യ പ്രമേയം, നിരാകരണ പ്രമേയം, ശൂന്യവേള, ചട്ടം 377, 193, പൊയിന്‍റ് ഓഫ് ഓര്‍ഡര്‍ തുടങ്ങി പാര്‍ലമെന്‍ററി ചട്ടങ്ങളുടെയും നടപടികളുടെയും സാധ്യമായ എല്ലാ വ്യവസ്ഥകളും പ്രയോജനപ്പെടുത്തി ദേശീയ-സംസ്ഥാന-പ്രാദേശിക-മണ്ഡലം തലങ്ങളിലുളള ഗൗരവമുളള വിഷയം ലോകസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെന്നതാണ് എംപി എന്ന നിലയിലെ വിലയിരുത്തലെന്ന് എൻ.കെ . പ്രേമചന്ദ്രൻ. ഒട്ടനവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. മണ്ഡലത്തിന്‍റെ വികസനത്തിനു ആക്കം വര്‍ദ്ധിപ്പിച്ചു. ലോകസഭയില്‍ നടന്ന 90% ചര്‍ച്ചകളിലും സജീവമായി പങ്കെടുത്തു. കൊല്ലത്തെ സമ്മതിദായകര്‍ അര്‍പ്പിച്ച വിശ്വാസം ജനന്മയ്ക്കായി പ്രയോജനപ്പെടുത്തുവാന്‍ തീവ്രമായ പരിശ്രമം പാര്‍ലമെന്‍റില്‍ നടത്താന്‍ കഴിഞ്ഞുവെന്നു വിനയപൂര്‍വ്വം സ്ഥാനാർഥി പറയുന്നു. പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ പ്രമുഖ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ഏഴ് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു.

സര്‍ഫസി നിയമ ഭേദഗതി ബില്‍, മെഡിക്കല്‍ പ്രവേശന റഗുലേറ്ററി അതോറിറ്റി ദി ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍ 2017, കശുവണ്ടി വിഷയത്തില്‍ ശക്തമായ ഇടപെടല്‍, വ്യവസായ തൊഴില്‍ സുരക്ഷിത്വത്തിനു വേണ്ടി ലോകസഭയില്‍ നിരന്തരമായി ഇടപെട്ടു. മുസ്‌ലിം വനിതാ വിവാഹ അവകാശ (മുത്തലാഖ്) ബില്ലിനെതിരെ അവതരിപ്പിച്ച നിരാകരണ പ്രമേയം ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും അതില്‍ പതിയിരിക്കുന്ന അപകടം ജനശ്രദ്ധയില്‍ എത്തുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് 21 മിനിറ്റ് നീണ്ട പാര്‍ലമെന്‍റ് പ്രസംഗം ചരിത്ര രേഖയായി മാറി. ഇങ്ങന‌െ അക്കമിട്ടു നിരത്താൻ എംപി എന്ന നിലയിൽ ചെയ്തത പ്രവർത്തനങ്ങൾ നിരവധി.

പാർലമെന്‍റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിനെതിരേ ഇടത് സംഘടനകൾ രംഗത്തു വന്നിരുന്നു. സംഘിയാണെന്നും ബിജെപിയിലേക്കുള്ള ക്ഷണമാണെന്നുമുള്ള ആരോപണങ്ങളെയും പ്രേമചന്ദ്രൻ ‌കൃത്യമായി നേരിട്ടു. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിനെ കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎമ്മിന്‍റെയും ഇടത് തൊഴിലാളിസംഘടനകളുടെയും ശ്രമം അപഹാസ്യമാണെന്നായിരുന്നു പ്രതികരണം.

പാർലമെന്‍റ് സമ്മേളനം അവസാനിക്കുന്ന ദിവസമാണ് പ്രധാനമന്ത്രി, അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് ചെല്ലാൻ ആവശ്യപ്പെടുന്നത്. കാന്‍റീനിലേക്കു കൂട്ടിക്കൊണ്ടുപോയി ഇന്ന് ഉച്ചഭക്ഷണം ഇവിടെനിന്നാകാമെന്ന് പറയുകയായിരുന്നു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നെന്ന് പറയുമ്പോൾ ഒരു എംപിക്ക് പോകാതിരിക്കാനാകില്ല. അദ്ദേഹം ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ രാഷ്‌ട്രീയമായി നിങ്ങളോട് വിയോജിപ്പുണ്ട്, കഴിക്കില്ലെന്ന് പറയാൻ തന്‍റെ രാഷ്‌ട്രീയസംസ്കാരം അനുവദിച്ചില്ല. ഒരുപക്ഷേ, സിപിഎമ്മിന് അതിന് കഴിഞ്ഞേക്കാം. ഒരു സൗഹൃദവിരുന്നായിരുന്നു അത്, അവിടെ രാഷ്‌ട്രീയം ഒരു വിഷയമേ ആയിരുന്നില്ലെന്നും പ്രേമചന്ദ്രൻ. പാർലമെന്‍റിൽ മികച്ചരീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവരാണ് വിരുന്നിന് ഉണ്ടായിരുന്നത്. വിഷയം രാഷ്‌ട്രീയവത്കരിച്ച് വിവാദമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. അത് കേരളജനതയും കൊല്ലത്തുകാരും തിരിച്ചറിയുമെന്നും പ്രേമചന്ദ്രൻ.

ലക്ഷ്യം ഹാട്രിക്

തൊട്ടതെല്ലാം പൊന്നാക്കിയെന്ന ശൈലിപോലെയാണ് എൻ.കെ. പ്രേമചന്ദ്രനെന്ന പൊതുപ്രവർത്തകന്‍റെ രാഷ്‌ട്രീയ ജീവിതം. ജന്മകൊണ്ട് കൊല്ലം കാരനല്ലെങ്കിലും കർമം കൊണ്ട് കൊല്ലത്തുകാരുടെ സ്വന്തം. കൊല്ലം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം കഴിഞ്ഞ് മൂന്നോ നാലോ കിലോമീറ്ററിനുള്ളിലെ നാവായിക്കുളത്ത് 1960ൽ ജനനം. 1985 ല്‍ കേരളയൂണിവഴ്‌സി റ്റിയില്‍ നിന്നു സ്വര്‍ണ മെഡലോടെ എൽഎൽബി ഒന്നാം റാങ്കില്‍ പാസായി. അവിടെ തുടങ്ങുന്നു പ്രേമചന്ദ്രന്‍റെ ജൈത്രയാത്ര.

1987 ൽ നാവായിക്കുളം ഗ്രാമ പഞ്ചായത്ത് അംഗമായി ആദ്യ രാഷ്‌ട്രീയ മത്സര വിജയം. തിരുവനന്തപുരം ജില്ലാകൗണ്‍സിൽ അംഗം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെംബർ, 2000 ൽ ചവറയിൽ നിന്നു നിയമസഭയിലേക്ക്, ജലവിഭവകുപ്പ് മന്ത്രിയായി. 1996, 1998, 2014, 2019 വർഷങ്ങളിൽ പാർലമെന്‍റിൽ. മികച്ച പാർലമെന്‍റേറിയൻ അവാർഡ്, സെപ്ഷ്യല്‍ സന്‍സദ് രത്‌നാ അവാര്‍ഡ്, ഫെയിം ഇന്‍ഡ്യ ബെസ്റ്റ് പാര്‍ലമെന്‍റേറിയന്‍ അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ പ്രഥമരാഷ്‌ട്രസേവാ പുരസ്‌കാരം തുടങ്ങി ഒരു ഡസനിലേറെ പുരസ്കാരങ്ങൾ പൊതുപ്ര‌വർത്തന മികവിന് പ്രേമചന്ദ്രനെ തേടിയെത്തി.

ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഗോദയിലിറങ്ങുന്ന പ്രേമചന്ദ്രന്‍റെ പര്യടനം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. മണ്ഡലം കൺവെൻഷനുകളാണിപ്പോൾ നടക്കുന്നത്. യുവജന വോട്ട് ലക്ഷ്യമിട്ട് കോളെജുകളിലും ക്യാംപസുകളിലും സജീവമായ പ്രചാരണം മുന്നേറുന്നു. പ്രേമചന്ദ്രന്‍റെ ക്യാമ്പസ് പര്യടനം പുനലൂര്‍ എസ്എന്‍ കോളെജില്‍ നിന്നും മാര്‍ച്ച് 22 ന് ആരംഭിക്കും. ഓരോ മണ്ഡലത്തിലെയും ക്യാംപസുകളിലെത്തുന്ന ‌സ്ഥാനാർഥി വെറുതേ വോട്ടഭ്യർഥനയുമായല്ല സൗഹൃദവും കൂടി സ്ഥാപിച്ച ശേഷമാണ് പടിയിറങ്ങുന്നത്.

പാരിപ്പള്ളി യുകെഎഫ് എഞ്ചിനിയറിങ് കോളെജ്, പാരിപ്പള്ളി വലിയ കൂനമ്പായ് കുളം എൻജിനിയറിങ് കോളെജ്, പരവൂർ ഐടിഐ, ചാത്തന്നൂർ എസ്എൻ കോളെജ് എന്നിവിടങ്ങളിലായിരുന്നു പര്യടനം. സന്ദർശിച്ച ഇടങ്ങളിലെല്ലാം മികച്ച പ്രതികരണമെന്നു സ്ഥാനാർഥിയും ഒപ്പമുള്ളവരും അടിവരയിടുന്നു. യുഡിഎഫ് നിയോജക മണ്ഡലതല യോഗങ്ങൾ പൂർത്തിയാക്കി. സ്ഥാനാർഥിയുടെ ആദ്യഘട്ട പര്യടനത്തിനിടെ പോകാൻ കഴിയാതിരുന്ന കശുവണ്ടി ഫാക്റ്ററികളടക്കമുള്ളിടങ്ങളിൽ പര്യടനം തുടരുന്നു. നിയോജക മണ്ഡലംതല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ വിവിധയിടങ്ങളിൽ തുറന്നു. പ്രവർത്തകർ വിവിധ സംഘങ്ങളായി തീരമേഖലയിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

ട്രെൻഡ് സെറ്റർ

ട്രെൻഡിനൊപ്പം നിന്ന് വോട്ടഭ്യർഥനയാണ് സ്ഥാനാർഥിയുടെയും പാർട്ടിയുടെയും തെരഞ്ഞെടുപ്പ് തന്ത്രം. പുറത്തിറങ്ങുന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽപോലും ആ ട്രെൻഡ് നിലനിർത്താൻ ശ്രമിച്ച് വൈറലായി. ഭ്രമയുഗം, പ്രേമലു സിനിമാ പോസ്റ്ററുകളുടെ മോഡലിലെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രേമലുവിന്‍റെ മാതൃകയിൽ "കൊല്ലത്തിന്‍റെ പ്രേമലു' പ്രേമചന്ദ്രൻ എന്ന പോസ്റ്ററാണ് ആദ്യം പുറത്തിറക്കിയത്. മമ്മൂട്ടി നായകനായി തീയെറ്ററിൽ വൻവിജയം തീർത്ത കണ്ണൂർ സ്ക്വാഡിന്‍റെ മാതൃകയിലാണ് രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങിയത്. ഇരു പോസ്റ്ററുകളും എഫ്ബിയിലും ഇൻസ്റ്റഗ്രാമിലും യുവ വോട്ടർമാർക്കിടയിൽ തരംഗമായിരുന്നു. ആർഎസ്പിയുടെ സോഷ്യൽ മീഡിയ സംഘമാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. മമ്മൂട്ടിയുടെ തന്നെ മറ്റൊരു ഹിറ്റ് ചിത്രമായ ഭ്രമയുഗത്തിന്‍റെ മാതൃകയിൽ പുറത്തിറങ്ങിയ "കൊല്ലത്ത് ഇനി പ്രേമയുഗം' എന്ന പോസ്റ്ററാണ് ഒടുവിലത്തേത്. ഫെയ്സ് ബുക്ക് , വാട്സ് ആപ്പ്, ട്വിറ്റർ, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയ ആപ്പുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥി ഉപയോഗിക്കുന്നു.

21 ലക്ഷം വോട്ടർമാർ

കൊല്ലം ജില്ലയിലാകെ 21,03,448 വോട്ടര്‍മാരാണ് നിലവിലുള്ളത്. ഇതിൽ 56,123 പുതുവോട്ടര്‍മാരാണ്. 2008ലെ മണ്ഡല പുനക്രമീകരണത്തിന്‍റെ ഭാഗമായാണ് കൊല്ലം ലോക്‌സഭാ മണ്ഡലം രൂപീകൃതമായത്. കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളിൽപ്പെട്ട 11 നിയമസഭാമണ്ഡലം ഉൾപ്പെട്ടതാണ്‌ കൊല്ലം ജില്ല. കൊല്ലം, ഇരവിപുരം, ചവറ, ചാത്തന്നൂർ, കുണ്ടറ, ചടയമംഗലം, പുനലൂർ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. ഇതിൽ കുണ്ടറ ഒഴികെ മറ്റെല്ലാം ഇടതു മുന്നണിയുടെ കൈയിലാണ്.

കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും വോട്ടുകളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിര്‍ണായകമാവുക. അതോടൊപ്പം കൊല്ലം മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ സാമൂദായിക വോട്ടുകള്‍ക്കും പങ്കുണ്ട്.‌ മണ്ഡലത്തില്‍ ആര്‍എസ്പിക്കുള്ള സ്വാധീനവും എൻ.കെ. പ്രേമചന്ദ്രന്‍റെ വ്യക്തി പ്രഭാവവും നേട്ടമാകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com