മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളുടെ കൊച്ചിയിലെ വസതികൾ, സ്ഥാപനത്തിന്‍റെ ഓഫീസ്, വയനാട്ടിലെ കുടുംബവീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം
Roji Augustine, Anto Augustine, and Joskutty Augustine—siblings and owners of Reporter Broadcasting Company—

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഉടമകളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ

Updated on

കൊച്ചി: മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന വിവാദത്തിൽ മലയാളം വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ കൊച്ചിയിലെ ആസ്ഥാനത്ത് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് പരിശോധന. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളുടെ കൊച്ചിയിലെ വസതികൾ, സ്ഥാപനത്തിന്‍റെ ഓഫീസ്, വയനാട്ടിലെ കുടുംബവീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുധനാഴ്ച പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്.

പരിശോധന വാർത്താ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയെന്ന് ചാനൽ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരുടെയും മറ്റ് ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ കൊണ്ടുപോയതായി ചാനൽ അറിയിച്ചു. സാധാരണയായി മാധ്യമപ്രവർത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവർത്തിക്കുന്ന ന്യൂസ് ഡെസ്കിലാണ് പരിശോധന നടത്തിയതെന്നും ചാനൽ വ്യക്തമാക്കി.

പരിശോധനയുടെ കാരണമോ മറ്റ് വിവരങ്ങളോ പൊലീസ് വ്യക്തമാക്കാതെ അരമണിക്കൂറിലേറെ ഓഫീസിൽ തുടർന്നതായും ചാനൽ ആരോപിച്ചു. ജോലിക്കെത്തിയ മാധ്യമപ്രവർത്തകർ വ്യക്തിപരമായി ഉപയോഗിച്ചിരുന്ന ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തതായും ചാനൽ പറഞ്ഞു.

മുൻ എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. തങ്ങളുടെ സംപ്രേഷണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയതെന്നും റിപ്പോർട്ടർ ടിവി ആരോപിച്ചു.

പൊലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ന്യൂസ് ഡെസ്കിൽ കയറി മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ പൊലീസ് ഉദ്യോഗസ്ഥർ ന്യൂസ് ഡെസ്കിലേക്ക് ‘അതിക്രമിച്ച് കയറുകയും’ ഒന്നര മണിക്കൂറോളം സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി വിജയൻ പ്രസ്താവനയിൽ ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളിലും ഡൽഹിയിലും മാധ്യമ സ്ഥാപനങ്ങൾക്കെതിരേ നടന്ന നടപടികളുമായി സംഭവത്തെ താരതമ്യം ചെയ്ത വിജയൻ, മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയത്തിൽ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.

അർജന്‍റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപയാണ് കൈമാറിയത്. ഈ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും ആരോപണങ്ങളും അന്വേഷിക്കാൻ എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്.

logo
Metro Vaartha
www.metrovaartha.com