

ജിബി സദാശിവൻ
കൊച്ചി: അർജന്‍റീന ടീമിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് അണിയറയിൽ ഒരുങ്ങിയത് വലിയ സാമ്പത്തിക തട്ടിപ്പെന്ന് സംശയമുയരുന്നു. സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്കെഎഫ്) കമ്പനിയെ മുന്നിൽ നിർത്തിയാണ് ദുരൂഹ ഇടപാടുകൾ നടന്നത്. അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ സൗഹൃദ മത്സരത്തിനുളള അടിസ്‌ഥാന സൗകര്യങ്ങൾ, സഹായങ്ങൾ എന്നിവയ്ക്കായുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി (എസ്പിവി) ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയതു മുതലാണ് കള്ളക്കളികൾ ആരംഭിച്ചത്. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്റ്ററേറ്റ്, സ്പോർട്സ് കൗൺസിൽ എന്നിവയ്ക്കു പുറമെ ദേശീയ അഫിലിയേഷനുള്ള വിവിധ അസോസിയേഷനുകൾ എന്നിവ ഉണ്ടായിരിക്കെ എസ്കെഎഫ് എന്ന തട്ടിക്കൂട്ട് കമ്പനി രൂപീകരിച്ചതു തന്നെ ദുരൂഹ ഇടപാടുകൾക്കു വേണ്ടിയാണെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
സർക്കാരിന് കീഴിലെ വെളളാനയാണിത്. കായിക രംഗത്തെ ഇടനിലക്കാരാണ് ഇവരെന്നും ആരോപണം ഉയർന്നിരുന്നു. 2021ലാണ് എസ്കെഎഫ് രൂപീകരിച്ചതെങ്കിലും ഇതുവരെ ഒരു വെബ്‌സൈറ്റ് പോലുമില്ല. ഡോ. അജയകുമാർ കൂർമയാണ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എന്നതല്ലാതെ കമ്പനിയെക്കുറിച്ച് മറ്റൊരു വിവരവും പൊതു പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമല്ല. സെപ്തംബർ 24നാണ് കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം എസ്കെഎഫിന് കൈമാറണമെന്ന് നിർദേശിച്ച് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്റ്റർ വിശാല കൊച്ചി വികസന അഥോറിറ്റിക്കു (ജിസിഡിഎ) കത്ത് നൽകിയത്.
കൈമാറാമെന്ന് അന്നു തന്നെ ജിസിഡിഎ മറുപടി നൽകുകയും ചെയ്തു. തുടർന്നാണ് സെപ്തംബർ 26 മുതൽ നവംബർ 30 വരെ സ്റ്റേഡിയം എസ്കെഎഫ് ഏറ്റെടുത്തത്. എസ്കെഎഫിന് സാങ്കേതിക വൈദഗ്ധ്യമുണ്ടോ എന്നു പോലും അന്വേഷിക്കാതെയാണ് സ്റ്റേഡിയം കൈമാറിയത്. ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടിട്ടുമില്ല. എന്നാൽ, എസ്കെഎഫ് സ്റ്റേഡിയം ഏറ്റെടുത്ത ഉടൻ സ്പോൺസർ മാത്രമായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കൈമാറുകയും ചെയ്തു.
ഫലത്തിൽ, സ്റ്റേഡിയം ഉടമകളായ ജിസിഡിഎയെ നോക്കുകുത്തിയാക്കി എസ്കെഎഫും റിപ്പോർട്ടർട്ടർ ചാനലിന്‍റെ ആന്‍റോ അഗസ്റ്റിനും ചേർന്ന് വലിയ സാമ്പത്തിക തിരിമറിക്കു കളമൊരുക്കുകയായിരുന്നു. ജനപ്രതിനിധികളെ പോലും ഇരുട്ടിൽ നിർത്തിയാണ് സ്റ്റേഡിയം വിട്ടുകൊടുത്തത്. കേവലം 40 ദിവസം കൊണ്ട് 70 കോടി രൂപയുടെ നവീകരണം നടത്തുമെന്ന ആന്‍റോ അഗസ്റ്റിന്‍റെ പ്രഖ്യാപനം വിശ്വസിക്കാൻ മാത്രം നിഷ്കളങ്കരാണോ ജിസിഡിഎ ചെയർമാനും കായിക മന്ത്രിയുമെന്നതും ചോദ്യചിഹ്നമായി നിൽക്കുന്നു.
മാംഗോ ഫോൺ തട്ടിപ്പിലും വയനാട് മുട്ടിൽ മരം മുറി കേസിലും മറ്റ് ഒട്ടേറെ കേസുകളിലും ഉൾപ്പെട്ട, ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരാൾക്ക് ഒരു കരാർ പോലും ഒപ്പിടാതെ എങ്ങനെ സ്റ്റേഡിയം വിട്ടു കൊടുത്തു എന്നതിന് കായിക മന്ത്രി ഉത്തരം പറയേണ്ടി വരും.
നിലവിൽ സ്റ്റേഡിയത്തിലെ കസേരകളും ഫ്ലഡ് ലൈറ്റുകളുമെല്ലാം ഇളക്കി മാറ്റിയ സ്‌ഥിതിയിലാണ്. സ്റ്റേഡിയം പഴയ പടിയാക്കാതെ തിരിച്ചുനല്‍കിയാല്‍ പോലും ജിസിഡിഎക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മുഖ്യമന്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ത്രികക്ഷി കരാറുണ്ടാക്കാൻ ധാരണയുണ്ടായാതായി അറിയുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ല. ഈ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമ വകുപ്പും പരിശോധിച്ചില്ല.
കലൂര്‍ സ്റ്റേഡിയം ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള പൊതുമുതലാണ്. ഇത് ആര്‍ക്കെങ്കിലും കൈമാറണമെങ്കില്‍ കൃത്യമായ കരാറുകളും വ്യവസ്ഥകളും വാടകയും നിശ്ചയിക്കണം. വാടക ഒഴിവാക്കി കൊടുക്കണമെങ്കില്‍ പോലും തദ്ദേശ ഭരണ വകുപ്പിന്‍റെ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിര്‍മ്മാണ പ്രവൃത്തികള്‍ സ്‌പോണ്‍സര്‍ നിര്‍ത്തിയാല്‍ ഉത്തരവാദിത്വം അയാൾക്കു മേല്‍ ചുമത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാരും ജിസിഡിഎയും. കായിക മന്ത്രിയാകട്ടെ ഒന്നിനും വ്യക്തമായ മറുപടി പറയുന്നുമില്ല. ഇതോടെ, ഫലത്തിൽ വെട്ടിലായിരിക്കുന്നത് ജിസിഡിഎയാണ്.