
തിരുവനന്തപുരത്തും മെട്രൊ റെയ്‌ൽ വരും; മൂന്ന് ഇടനാഴികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്തിന്‍റെ മെട്രൊ റെയ്‌ൽ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. തിരുവനന്തപുരം മെട്രൊ റെയ്‌ലിന്‍റെ അലൈൻമെന്‍റ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും സമിതി. ബന്ധപ്പെട്ട കാര്യങ്ങൾ ഇവർ പരിശോധിച്ച് നിർദേശം സമർപ്പിക്കും. ഉപദേശക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ആ യോഗം വളരെ ഫലവത്തായി അവസാനിച്ചെന്ന് ചർച്ചയിൽ പങ്കെടുത്ത ഡോ. ശശി തരൂർ എംപി അറിയിച്ചു.
സമിതി വേണമെന്നത് തന്‍റെ നിർദേശമായിരുന്നു. ശരിയായ സമീപനത്തിലൂടെ തിരുവനന്തപുരത്തെ 21ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും തരൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തരൂർ പങ്കുവച്ച പോസ്റ്റിലെ ബദൽ അലൈൻമെന്‍റ് പ്രകാരം മൂന്ന് ഇടനാഴികളായാണ് പദ്ധതി ആലോചിക്കുന്നത്.
പതിറ്റാണ്ടുകളായി മാറിമാറി വരുന്ന സർക്കാരുകൾ തിരുവനന്തപുരം മെട്രൊ റെയ്‌ൽ പദ്ധതി ചർച്ചയാക്കാറുണ്ടെങ്കിലും ആരും ഇതേവരെ കാര്യമായ നടപടികളുമായി മുന്നോട്ടുപോയിരുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റിൽ തിരുവനന്തപുരം മെട്രൊ റെയിലിന്‍റെ പ്രാരംഭ പ്രവർത്തനം ഈ വർഷം തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നു. അതിന്‍റെ തുടർനടപടിയായാണ് പ്രത്യേക യോഗം ചേർന്നത്.
കഴക്കൂട്ടം മുതൽ പാപ്പനംകോട് വരെ ആദ്യ ഇടനാഴി. ഇതിൽ ഉള്ളൂർ - കരമന 10 കിലോമീറ്റർ സമ്പൂർണ ഭൂഗർഭ പാതയായിരിക്കും. 6,775 കോടി രൂപയാണ് ഇതിന് ചെലവ്. കഴക്കൂട്ടം - കിള്ളിപ്പാലം വരേ ആയിരിക്കും രണ്ടാം ഇടനാഴി. കഴക്കൂട്ടം - ആക്കുളം 6.5 കിലോമീറ്ററും ഈഞ്ചക്കൽ - കിള്ളിപ്പാലം വരേയും ഭൂഗർഭ പാതയായിരിക്കും. 5,775 കോടിയാണ് നിർമാണച്ചെലവ്. മൂന്നാം ഇടനാഴി പാളയം മുതൽ സിവിൽ സ്റ്റേഷൻ വരെ. ഇതിൽ 6 കിലോമീറ്റർ ഭൂഗർഭപാത. 2,700 കോടിയായിരിക്കും നിർമാണ ചെലവ്. മ്യൂസിയം, വെള്ളയമ്പലം, കവടിയാർ, പേരൂർക്കട, സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ അലൈൻമെന്‍റ്.