എം.ജി.യു ടീം ഓണ്‍ സ്‌പോട്ട്: ദുരന്തനിവാരണത്തിന് 4800അംഗ സന്നദ്ധ സേനയുമായി എം.ജി സര്‍വകലാശാല

രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാലയുടെ കീഴില്‍ ഇത്രയും വിപുലമായ ഒരു ദുരന്ത നിവാരണ സന്നദ്ധ സേന രൂപീകരിക്കുന്നത്
എം.ജി.യു ടീം ഓണ്‍ സ്‌പോട്ട്: ദുരന്തനിവാരണത്തിന് 4800അംഗ സന്നദ്ധ സേനയുമായി എം.ജി സര്‍വകലാശാല

കോട്ടയം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ 4800 പേരുടെ സന്നദ്ധ സേന ഒരുങ്ങുന്നു. എം.ജി.യു ടീം ഓണ്‍ സ്‌പോട്ട് എന്ന് പേരിട്ടിരിക്കുന്ന ദുരന്തനിവാരണ സേനയില്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളെജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്) വോളണ്ടിയര്‍മാരെയും എന്‍.സി.സി കേഡറ്റുകളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാലയുടെ കീഴില്‍ ഇത്രയും വിപുലമായ ഒരു ദുരന്ത നിവാരണ സന്നദ്ധ സേന രൂപീകരിക്കുന്നത്.

എം.ജി.യു ടീം ഓണ്‍ സ്‌പോട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് കോട്ടയം സി.എം.എസ് കോളെജില്‍ സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.സിന്‍ഡിക്കേറ്റ് അംഗം പി. ഹരികൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്യും. എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ബിജു ശാന്താറാം, സിന്‍ഡിക്കേറ്റ് അംഗം ഡോ. ബിജു തോമസ്, എന്‍.എസ്.എസ് സ്റ്റേറ്റ് ഓഫീസര്‍ ആര്‍.എന്‍ അന്‍സര്‍, മേഖലാ ഡയറക്റ്റര്‍ പി.എന്‍ സന്തോഷ്, സര്‍വകലാശാലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍ ശിവദാസന്‍, സി.എം.എസ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ, എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍ അജീഷ്, ആലുവ യു.സി കോളെജിലെ എന്‍.സി.സി ഓഫീസര്‍ മേജര്‍ കെ.എസ് നാരായണന്‍ എന്നിവര്‍ സംസാരിക്കും.

കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പൂര്‍ണമായും ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ മേഖലയിലും സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അഥോറിറ്റികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് എം.ജി.യു ഓണ്‍ സ്‌പോട്ടിന്റെ സേവനം ലഭ്യമാകും. വിദഗ്ധ പരിശീലനത്തിനുശേഷമാകും ഇവര്‍ പ്രവര്‍ത്തനമാരംഭിക്കുക. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 187 കോളെജുകളിലെ 3200 എന്‍.എസ്.എസ് വോളണ്ടിയര്‍മാരും 1600 എന്‍.സി.സി കേഡറ്റുകളുമാണ് സേനയില്‍ ഉണ്ടാവുകയെന്ന് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി. ഹരികൃഷ്ണന്‍, ഡോ. ബിജു തോമസ്, നാഷണല്‍ സര്‍വീസ് സ്‌കീം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം-1500, കോട്ടയം-1400, ഇടുക്കി-1100, പത്തനംതിട്ട-800 എന്നിങ്ങനെയാണ് വോളണ്ടിയര്‍മാരുടെ ജില്ല തിരിച്ചുള്ള കണക്ക്. എന്‍.എസ്.എസാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റി, ജില്ലാ, കോളെജ് തലങ്ങളില്‍ സേനയ്ക്ക് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളുണ്ടാകും. യൂണിവേഴ്‌സിറ്റി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ വൈസ് ചാന്‍സലറാണ്. സംഘാംഗങ്ങള്‍ക്ക് ദുരന്തനിവാരണ അഥോറിറ്റി, പൊലീസ്, അഗ്‌നിരക്ഷാ സേന, ആരോഗ്യ വകുപ്പ് എന്നിവയുടെയും വിവിധ വിഷയ മേഖലകളിലെ വിദഗ്ധരുടെയും സഹായത്തോടെയാണ് പരിശീലനം നല്‍കുക.

സര്‍ക്കാര്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും നിര്‍ദേശപ്രകാരമായിരിക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക. ദുരന്ത പ്രതിരോധ മുന്‍കരുതല്‍, ദുരന്ത സാധ്യതാ മേഖലകളിലെ ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം, പ്രഥമശുശ്രൂഷ, ദുരിതാശ്വാസ ക്യാമ്പുകളിലെ സേവനങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍മൂലം മലിനമാകുന്ന ജല സ്രോതസുകളുടെ ശുചീകരണം, പുനരധിവാസം തുടങ്ങിയ മേഖലകളില്‍ എം.ജി.യു ടീം ഓണ്‍ സ്‌പോട്ടിന്റെ സേവനം ലഭ്യമാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com