മൈക്രോഫിനാൻസ് കേസ്; വെള്ളാപ്പള്ളി നടേശനെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

പ്രോസിക്യൂഷൻ അനുമതി ലഭിക്കാതെ തന്നെ കുറ്റപത്രം സമർപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി
High Court directs that a charge sheet be filed against Vellappally Natesan within two weeks.

വെള്ളാപ്പള്ളി നടേശനെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

Updated on: 

കൊച്ചി: മൈക്രോഫിനാൻസ് കേസുകളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറ്റ് പ്രതികൾക്കുമെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ നിർദേശം. പ്രോസിക്യൂഷൻ അനുമതി ലഭിക്കാതെ തന്നെ കുറ്റപത്രം സമർപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്ന തർക്കത്തെ തുടർന്നാണ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയതെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളിക്കും മറ്റ് പ്രതികൾക്കുമെതിരായ നിരവധി കേസുകളിൽ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണ സംഘം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന്, പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യം പരിഗണിക്കാൻ പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറിക്കും ബന്ധപ്പെട്ട അധികൃതർക്കും കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ കേസുകളിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി ആവശ്യമില്ലെന്ന് വകുപ്പ് കോടതിയെ അറിയിച്ചു.

അന്വേഷണം മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ആരോപിച്ച് ചേർത്തല സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളതിനാൽ അഴിമതി നിരോധന നിയമപ്രകാരം പ്രതികൾക്കെതിരേ കേസെടുക്കാൻ അനുമതി ആവശ്യമാണെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) വഴി പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി എസ്എൻഡിപി യോഗം യൂണിറ്റുകൾ മുഖേന നടപ്പാക്കിയ മൈക്രോഫിനാൻസ് പദ്ധതിയിലെ പണം വ്യാജ സ്വയംസഹായ സംഘങ്ങളുടെ പേരിൽ കള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് തട്ടിയെടുത്തെന്നാണ് ആരോപണം. 2003 മുതൽ 2014 വരെയുള്ള കാലയളവിൽ നടന്ന ക്രമക്കേടിൽ പദ്ധതിയിലൂടെ എസ്എൻഡിപി യോഗത്തിന് അനുവദിച്ച 15.85 കോടി രൂപ ദുരുപയോഗം ചെയ്തെന്നാണ് കേസ്.