
കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബൽ സ്കൂൾ വിദ‍്യാർഥി മിഹിർ ആത്മഹത‍്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്. മിഹിറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്കൂളിൽ നിന്നെത്തി മരിക്കുന്നത് വരെ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് പിതാവ് ഷഫീഖ് മാടമ്പാട്ട് ആവശ‍്യപ്പെട്ടു.
സമൂഹമാധ‍്യമത്തിൽ പങ്ക് വച്ച കുറിപ്പിലൂടെയായിരുന്നു ഷഫീഖ് ഈ കാര‍്യം ആവശ‍്യപ്പെട്ടത്. മിഹിറിനെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നത് അറിഞ്ഞിരുന്നില്ല. മിഹിറുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ഈ കാര‍്യം അറിയുന്നത്.
മിഹിറിന്‍റെ മരണത്തിൽ സ്കൂളിന്‍റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും ഷഫീഖ് ആവശ‍്യപ്പെട്ടു. മിഹിർ ആത്മഹത‍്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അത് എന്താണെന്ന് കണ്ടെത്തണമെന്നും ഷഫീഖ് പറഞ്ഞു.
ഗ്ലോബൽ പബ്ലിക്ക് സ്കൂളിൽവച്ച് സഹപാഠികളിൽ നിന്നുമുണ്ടായ റാഗിങ്ങിന് വിധേയമാക്കിയതിൽ മനംനൊന്താണ് മിഹിർ ആത്മഹത‍്യ ചെയ്തതെന്നായിരുന്നു അമ്മ രജ്നയുടെ ആരോപണം. മിഹിർ അമ്മ രജ്നയ്ക്കും രണ്ടാനച്ഛൻ സലീമിനൊപ്പവുമാണ് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. ജനുവരി 15ന് ഫ്‌ളാറ്റിന്‍റെ 26-ാം നിലയിൽ നിന്ന് ചാടിയാണ് മിഹിർ ജീവനൊടുക്കിയത്.