
കൊച്ചി: സ്കൂൾ വിദ‍്യാർഥിയായ മിഹിർ ജീവനൊടുക്കിയ സംഭവത്തിൽ ന‍്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിറിന്‍റെ ആത്മഹത‍്യക്കു കാരണം സ്കൂളിലെ പ്രശ്നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും, ഏതെങ്കിലും തരത്തിലുള്ള പീഡനമോ റാഗിങ്ങോ നടന്നതായി അധ‍്യാപകരോ സഹപാഠികളോ സമ്മതിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
സ്കൂൾ അധികൃതർക്ക് നടപടിയെടുക്കണമെങ്കിൽ തെളിവുകളോ മൊഴികളോ ആവശ‍്യമാണ്. എന്നാൽ, ഇതുവരെ നടത്തിയ അന്വേഷണത്തിൽ അത്തരം തെളിവുകളോ മൊഴികളോ ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ‍്യക്തമാക്കി. രക്ഷിതാക്കൾക്ക് നൽകിയ കത്തിലാണ് വിശദീകരണം.
മിഹിറിന്‍റെ ആത്മഹത‍്യക്കു ശേഷമാണ് അമ്മ ഇത്തരത്തിൽ ഒരു പരാതി നൽകിയതെന്നും, അതിനു മുൻപ് പരാതി ലഭിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.
അതേസമയം, അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള നടപടികളെടുക്കാൻ പൊലീസോ പൊതുവിദ‍്യാഭ‍്യാസ വകുപ്പോ അറിയിച്ചാൽ അംഗീകരിക്കുമെന്നും അധികൃതർ വ‍്യക്തമാക്കി.
ജനുവരി 15ന് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്‍റെ ഇരുപത്തിയാറാം നിലയിൽ നിന്ന് ചാടിയാണ് മിഹിർ ജീവനൊടുക്കിയത്. സഹപാഠികളിൽ നിന്ന് ക്രൂരമായ പീഡനമാണ് മിഹിർ ഏറ്റുവാങ്ങിയതെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പറഞ്ഞിരുന്നത്.