തിരുവനന്തപുരം : തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളെജിനും ഗവ. ഡെന്‍റല്‍ കോളെജിനും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ നേട്ടം.
ദേശീയ തലത്തില്‍ എയിംസും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പോലെയുള്ള എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജും ഡെന്‍റല്‍ കോളെജ് തുടര്‍ച്ചയായ രണ്ടാം തവണയും ഇടം പിടിക്കുന്നത്. എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളെജ് 42-ാം സ്ഥാനത്തും ഡെന്‍റല്‍ കോളെജ് 21-ാം സ്ഥാനത്തുമാണുള്ളത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളുടെ എണ്ണമെടുത്താല്‍ തിരുവനന്തപുരം രാജ്യത്ത് ആറാമതും ഡെന്‍റല്‍ കോളെജ് അഞ്ചാമതുമെത്തി.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‍റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.