
മിൽമയുടെ ഡ്യൂപ്പ് 'മിൽന'യ്ക്ക് ഒരു കോടി രൂപ പിഴ
തിരുവനന്തപുരം: മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുളള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ വിൽപ്പന നടത്തിയ സ്വകാര്യ ഡയറി സ്ഥാപനമായ 'മിൽന'യ്ക്ക് ഒരു കോടി രൂപ പിഴ. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി മിൽനയ്ക്ക് പിഴ ചുമത്തിയത്.
മിൽമ (കേരള കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ) സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മിൽമയുടേതിനു സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാൽ ഉത്പന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യം ചെയ്യുന്നതിൽ നിന്നും മിൽനയെ കോടതി വിലക്കുകയും ചെയ്തു.
ഒപ്പം, ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴ പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ പിഴ അടയ്ക്കാനാണ് സ്ഥാപനത്തിനു കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്.
മില്‍മയ്ക്ക് അനുകൂലമായ വിധിയില്‍ സന്തോഷമുണ്ടെന്നും മില്‍മയുടെ ബ്രാന്‍ഡ് ഇമേജിനെ അപകീര്‍ത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികള്‍ ഉണ്ടായാല്‍ ഇനിയും കര്‍ശന നടപടി കൈക്കൊള്ളുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.