മിനികൂപ്പർ അപകടക്കേസ്; ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്
Suhail Sajeev

സുഹൈൽ സജീവ്

Updated on: 

കൊച്ചി: മിനികൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. കാക്കനാട് ജില്ലാ ജയിലിന് സമീപത്തെ ബോസ്റ്റൽ സ്കൂളിൽ നിന്നാണ് സുഹൈൽ പുറത്തിറങ്ങിയത്.

കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്‍റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ നവംബർ 16ന് മാത്രമേ മോചിപ്പിക്കാവൂവെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച സുഹൈൽ ജാമ്യത്തിലിറങ്ങിയത്.

മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

ഒക്റ്റോബർ 11നാണ് നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനികൂപ്പർ അപകടമുണ്ടായത്. സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവർ മരിച്ചിരുന്നു.

അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നെന്നും സുഹൈൽ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.