ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് നടത്തുന്ന ബാലപീഡനം: വിദ്യാഭ്യാസ മന്ത്രി

ഒന്നു മുതൽ എട്ടാം ക്ലാസ്‌ വരെ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നിയമപരമായി തന്നെ അംഗീകരിച്ച നാടാണ് നമ്മുടേത്
V Sivankutty
വി. ശിവൻകുട്ടിfile image
Updated on

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയും അഭിമുഖവും നടത്തുന്നത് ഒരു തരത്തിലുള്ള ബാലപീഡനമാണെന്ന്‌ മന്ത്രി വി. ശിവൻകുട്ടി. ചില സ്‌കൂളുകൾ രക്ഷകർത്താക്കൾക്ക്‌ വരെ അഭിമുഖം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നു മുതൽ എട്ടാം ക്ലാസ്‌ വരെ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നിയമപരമായി തന്നെ അംഗീകരിച്ച നാടാണ് നമ്മുടേത്. കുട്ടികളിൽ നിന്ന് യാതൊരു വിധ നിർബന്ധിത ഫീസോ പിരിവുകളോ നടത്തരുതെന്ന് നിർദേശമുണ്ട്‌. ഒമ്പത്, പത്ത് ക്ലാസുകളിൽ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കാത്തതോ മുൻകൂർ അനുമതി വാങ്ങാത്തതോ ആയ യാതൊരു ഫീസും ഈടാക്കരുത്‌.

പിടിഎ ഫണ്ടിന്‍റെ വ്യക്തമായ വരവ് ചെലവ് കണക്കുകൾ അതത് ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് അംഗീകാരം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്‌. എന്നാൽ, ചില സ്ഥാപനങ്ങൾ വലിയ ഫീസാണ്‌ ഈടാക്കുന്നത്‌.

എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്ലസ്‌ വൺ പ്രവേശനം നടത്തുന്നു. ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടവും അനുവദിക്കില്ല.

സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ നിർദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നോട്ടീസ് നൽകും. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതികൾ സ്വീകരിക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com