വയനാട്ടിലെ ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി മന്ത്രി എ.കെ. ശശീന്ദ്രൻ
മേപ്പാടി: ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയിൽ പൊട്ടിക്കരഞ്ഞു. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തിരച്ചിലിനിടെയാണ് കൗമാരക്കാരന്‍റെ നിസ്സഹായാവസ്ഥ മന്ത്രിയെ കരയിപ്പിച്ചത്. കുട്ടിയോട് എന്തുസമാധാനം പറയുമെന്നും ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ കാണാതായ നാസറിനു വേണ്ടിയുള്ള തെരച്ചിലിൽ മകനും പങ്കാളിയായിരുന്നു. മന്ത്രിയുടെ അടുത്തെത്തിയ കുട്ടി ദു:ഖഭാരം കൊണ്ട് തലകുനിച്ച് നിൽക്കുമ്പോൾ കുട്ടിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിന്നു. പിന്നെ ചേർത്തുപിടിച്ച് വിതുമ്പിക്കരഞ്ഞു.
ദുരന്തത്തിൽപെട്ടത് നമ്മുടെ കുടുംബാംഗങ്ങളാണെന്നും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരേണ്ടത് എല്ലാവരുടേയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ല. ഇവരോട് എന്ത് ഉത്തരമാ ഞാൻ പറയുക. അവരുടെ ചോദ്യത്തിന് ഒരു ഉത്തരവുമില്ല. അവരെ രക്ഷിക്കാൻ ശ്രമിക്കുക. അത്രയേ ഉള്ളൂ. നമുക്കൊക്കെ ഇത്ര പ്രയാസമുണ്ടെങ്കിൽ അവരുടെ പ്രയാസമെന്തായിരിക്കും. അവർക്ക് വേണ്ടി പ്രാർഥിക്കുക. അവർക്ക് വേണ്ടി പ്രവർത്തിക്കുക. അവരെ ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരണം. സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കണം. ജീവിതത്തിന്‍റെ പ്രത്യേകഘട്ടത്തിൽ വഴിമുട്ടിനിൽക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന പ്രവൃത്തിമാത്രമേ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാവൂ എന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ജീവിതം മുമ്പോട്ട് കൊണ്ടുപോയേ പറ്റൂ. അതിന് നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കേണ്ടതുണ്ട്. ഇവിടെ എല്ലാവരും ഒന്നാണ്. ആ വികാരത്തോടെയുള്ള പ്രവർത്തനത്തിൽ കൂടി മാത്രമേ, അവർക്കൊപ്പം നാട് ഉണ്ടാകൂ എന്ന് അവരെ ബോധ്യപ്പെടുത്താനാകൂ എന്നും മന്ത്രി പറഞ്ഞു.