
തിരുവനന്തപുരം: വന‍്യജീവി പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വെടി വയ്ക്കാൻ കേന്ദ്രം പറയുന്ന നിലപാട് പ്രയോഗികമല്ലെന്ന് മന്ത്രി പറഞ്ഞു.
ജനവാസ മേഖലകളിൽ കടുവ, പുലി എന്നിവയെത്തിയാൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ സ്വീകരിക്കാനാവില്ലെന്നും, സംസ്ഥാന സർക്കാരിനെതിരാണ് കേന്ദ്ര നീക്കമെന്നും, രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്നും, കേന്ദ്രം നിർദേശിച്ചിരിക്കുന്നത് അപഹാസ‍്യമായ ഉപാധികളാണെന്നും മന്ത്രി പറഞ്ഞു. വന‍്യജീവികളെ കൊല്ലുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശശീന്ദ്രൻ.