
വീണാ ജോർജ് | വി.ഡി. സതീശൻ
തിരുവനന്തപുരം: ആരോഗ്യ രംഗത്തിന്‍റെ അവസ്ഥയെ ചൊല്ലി നിയമസഭയിൽ മന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ വാക്പോര്. സംസ്ഥാനത്തെ ആശുപത്രികൾ പരിതാപകരമായ അവസ്ഥയിലാണെന്ന സതീശന്‍റെ ആരോപണമാണ് ആരോഗ്യ മന്ത്രി വീണാ ജോർജിനെ ചൊടിപ്പിച്ചത്.
എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വീണാ ജോര്‍ജ് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. മെഡിക്കല്‍ കോളെജുകളില്‍ പഞ്ഞിപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ശസ്ത്രക്രിയ്ക്ക് സൂചി പോലും രോഗികള്‍ വാങ്ങേണ്ട അവസ്ഥയാണെന്നും സതീശന്‍ ചോദ്യോത്തര വേളയില്‍ ആരോപിച്ചിരുന്നു.
ജില്ലാ ആശുപത്രികളിലെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളെജിന്‍റെ ബോര്‍ഡ് വയ്ക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ചെയ്തതെന്ന മന്ത്രിയുടെ പരാമര്‍ശം വാസ്തവിരുദ്ധമാണെന്ന് സതീശൻ പറഞ്ഞു. മെഡിക്കല്‍ കോളെജുകളിലെ നിലവിലെ അവസ്ഥ ചോദിക്കുമ്പോള്‍ 10 വര്‍ഷം മുമ്പുള്ള കണക്കാണ് മന്ത്രി പറയുന്നതെന്നും അങ്ങനെയെങ്കില്‍ ഇഎംഎസ് സര്‍ക്കാരിന്‍റെ കാലംമുതല്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക ചര്‍ച്ച ചെയ്യാമെന്നും സതീശൻ തിരിച്ചടിച്ചു.
ഇതോടെയാണ് രണ്ട് സര്‍ക്കാരുകളുടെ കാലത്തെ പ്രവര്‍ത്തനങ്ങൾ ചര്‍ച്ച ചെയ്യാന്‍ തയാറുണ്ടോയെന്ന് ആരോഗ്യമന്ത്രി വെല്ലുവിളിച്ചത്. ഈ സർക്കാരിന്‍റെ കാലത്ത് മാത്രം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കാസ്പ് പദ്ധതി പ്രകാരം 373.36 കോടിരൂപയുടെ സൗജന്യ ചികിത്സ നൽകിയെന്ന് വീണാ ജോർജ് വ്യക്തമാക്കി. 81.82 കോടിയുടെ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കി. രോഗികൾക്ക് ശസ്ത്രക്രിയയ്ക്കായി സ്വന്തം ചെലവിൽ ഉപകരണങ്ങൾ വാങ്ങേണ്ട സാഹചര്യമില്ല. എന്നാൽ മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഫ്ലെക്സിസ്കോപ്പി എന്ന ഉപകരണം വാങ്ങി നൽകിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രോഗികൾ സ്വന്തം നിലയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നത് സർക്കാർ നയത്തിന് വിരുദ്ധമാണ്. ഇത് ഗൗരവമായി തന്നെ കാണുമെന്നും മന്ത്രി വ്യക്തമാക്കി.