

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: ഓണക്കാലത്ത് വിവിധ കാര്‍ഡുകള്‍ക്കുള്ള റേഷന്‍ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. അരി വില 10.90 ല്‍ നിന്ന് 36 ആയി വര്‍ധിപ്പിച്ചുവെന്ന വാദം തെറ്റാണ്. ഓരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല. ഇതിനുപുറമേ, സപ്‌ളൈകോയില്‍ ഓരോ കാര്‍ഡിനും 36 കിലോ അരി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നീല കാര്‍ഡിന് ഇത്തവണ ഓണത്തിന് ആളൊന്നിനു നാലു രൂപ നിരക്കില്‍ 2 കി. അരിയും 17 രൂപ നിരക്കില്‍ 4 കി. വരെ ആട്ടയും കൂടാതെ സ്പെഷ്യല്‍ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 2 കിലോഗോതമ്പ് 8.70 രൂപയ്ക്കും നല്‍കുന്നുണ്ട്. ഇതോടൊപ്പം ഒപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ 26 രൂപ നിരക്കിലും നല്‍കുന്നു.
പിങ്ക് കാര്‍ഡിനു ഇത്തവണ, 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കില്‍) നല്‍കും. പ്രതിമാസ പ്രതിമാസ റൈഡ് ഓവര്‍ അരി അലോക്കേഷനില്‍ വന്ന കുറവു കാരണമാണു കഴിഞ്ഞവര്‍ഷം ടൈഡോവര്‍ വിഹിതത്തില്‍ നിന്ന് കണ്ടെത്തി 10 .90 രൂപ നിരക്കില്‍ നല്‍കിയ 5 കി. സ്പെഷല്‍ അരി ഈ വര്‍ഷം നല്‍കാന്‍ കഴിയാത്ത സ്ഥിതി വന്നത്. ഇതിനു പരിഹാരമായി 3 കിലോ ഒഎംഎസ്എസ് അരി കിലോഗ്രാമിന് 26 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.
വെള്ള കാര്‍ഡിനു ഇത്തവണ 10.90 രൂപയ്ക്ക് 7 കി. അരിയും 4 കി. വരെ ആട്ട 17 രൂപയ്ക്കും സ്പെഷല്‍ വിഹിതമായി 2 കി. ഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ വീതം 26 രൂപയ്ക്കും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡിനു ഇത്തവണ 2 കി. വീതം അരി 10.90 രൂപ നിരക്കിലും 2 കി. ഗോതമ്പും 8.70 രൂപ, 1 കി. ആട്ട 17 രൂപ നിരക്കിലും നല്‍കുന്നുണ്ട്. ഒപ്പം കാര്‍ഡിന് ഒഎംഎസ്എസ് അരി 26 രൂപയ്ക്ക് 10 കിലോയും നല്‍കും. മഞ്ഞ കാര്‍ഡിന്‍റെ വിഹിതത്തില്‍ ഒരു മാറ്റവും ഇത്തവണ വരുത്തിയിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്‍റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്.
റ്റൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്പെഷ്യല്‍ അരി നല്‍കിയിരുന്നത്. അവശേഷിച്ച സ്‌റ്റോക്കില്‍ നിന്ന് കഴിഞ്ഞ വിഷുവിന് സ്‌പെഷ്യല്‍ അരി നല്‍കിയതോടെ ഓണത്തിനുള്ള അരി വളരെ പരിമിതമായി. ഈ പരിമിതി പരിഹരിക്കാനാണു ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഓഗസ്റ്റിൽ1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചതെന്നും മന്ത്രി വ്യക്തമാക്കി.