
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ദിവസവും റോഡപകടങ്ങള്‍ ഉണ്ടാകുകയും ജീവന്‍ പൊലിയുന്നവരുട എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന, പൊലീസ് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ പാതാ അഥോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റി വിഭാഗം എന്നിവയിലെ പ്രധാന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
അപകട മേഖലയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നതടക്കം ചര്‍ച്ച ചെയ്യും. പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേരാണ് ഞായറാഴ്ച മരിച്ചത്. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ 14 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇന്നലെയുണ്ടായത് 3 അപകടങ്ങളാണ്.