

"ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നത്"; മിഠായി വിതരണ വിവാദത്തിൽ മുരളീധരനെതിരേ മന്ത്രി തുളസി
തിരുവനന്തപുരം: മിഠായി വിതരണ വിവാദത്തിൽ വി. മുരളീധരൻ എംഎൽഎക്കെതിരേ രൂക്ഷവിമർശനവുമായി മന്ത്രി കെ.എ. തുളസി. പദവിയിൽ ഇരിക്കുന്നയാൾ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം. എംഎൽഎയുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും തുളസി വ്യക്തമാക്കി.
"തിരക്കുണ്ടായിരുന്നു എന്ന് പറഞ്ഞ എംഎൽഎയുടെ വിശദീകരണം തെറ്റാണ്. ഞാനായിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നത്. ഒരു പദവിയിലിരിക്കുന്ന ആൾ ആ പക്വതയോടെ പെരുമാറണമായിരുന്നു'. മന്ത്രി പറഞ്ഞു.
മിഠായി വിതരണം ചെയ്തത് വിവാദമായതോടെ വിശദീകരണവുമായി വി. മുരളീധരൻ രംഗത്തെത്തിയിരുന്നു. താൻ എത്തിയപ്പോഴേക്കും പരിപാടി തുടങ്ങാറായിരുന്നു. കുട്ടികൾക്ക് ഓരോരുത്തർക്കായി മിഠായി വിതരണം ചെയ്തുകൊണ്ടിരുന്നാൽ സമയം പോവും. അതിനാലാണ് ഡെസ്കിലിട്ട് കൊടുത്തതെന്നാണ് വിശദീകരണം. സംഭവത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്ന് എംഎൽഎ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.