
തിരുവനന്തപുരം: മനുഷ്യ-വന്യ ജീവി സംഘർഷം തടയുന്നതിനായി നിയമ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡന് പരിമിതമായ അധികാരം മാത്രമാണ് ഉള്ളതെന്നും കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും വനം മന്ത്രിയുടെ കത്തിൽ ആവശ്യപ്പെടുന്നു.
മുൻപും സർക്കാർ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, അക്രമകാരികളായ വന്യ ജീവികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നായിരുന്നു കേന്ദ്രം പ്രതികരിച്ചത്. ഇത് സംസ്ഥാനം ചെയ്തില്ലെന്നതടക്കം വിമർശനവും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് ഉയർത്തിയിരുന്നു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയെന്നതും കുരങ്ങിനെ ഷെഡ്യൂള്‍ ഒന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റുകയെന്നതുമായിരുന്നു ആദ്യ കത്തിൽ കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. എന്നാൽ, കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര മന്ത്രി അന്നു സ്ഥീകരിച്ചത്.