
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനിയുടെ ബ്രൂവറിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അര്‍ധ സത്യങ്ങളും സമ്പൂർണ വ്യാജവുമായ കാര്യങ്ങളുമാണ് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ചേർന്ന് പ്രചരിപ്പിക്കുന്നതെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതു സംബന്ധിച്ച് പുറത്തുവിട്ട ക്യാബിനറ്റ് നോട്ട് സര്‍ക്കാര്‍ 16ന് ഉത്തരവിറക്കിയപ്പോള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അത് രഹസ്യ രേഖയൊന്നുമല്ല- മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒറ്റ കമ്പനിയാണ് ഇക്കാര്യം അറിഞ്ഞതെന്ന ആരോപണവും തെറ്റാണ്. കേരളത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ആവശ്യത്തിനു നിര്‍മിക്കാന്‍ പുതിയ യൂണിറ്റ് ആരംഭിക്കുകയാണ് പോംവഴി എന്ന് 2022-23ലെ മദ്യനയത്തില്‍ വ്യക്തമാക്കിയിരുന്നു. 2023-24ലെ മദ്യനയത്തിന്‍റെ ആമുഖത്തിലും സമാന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവുകളിലും വ്യക്തമാക്കി.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് മാസങ്ങൾക്ക് ശേഷം അനുമതി നൽകിയത്. 2023 നവംബര്‍ 30നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ക്ക് കമ്പനിയില്‍ നിന്ന് അപേക്ഷ ലഭിച്ചത്. 10 ഘട്ടങ്ങളായി പരിശോധന നടത്തി ജനുവരി 16നാണ് മന്ത്രിസഭ അനുമതി നല്‍കിയത്. 2024 മാര്‍ച്ച് 16ന് മന്ത്രിയുടെ മുന്നില്‍ വിഷയം എത്തിയപ്പോള്‍ ജലലഭ്യത സംബന്ധിച്ച് വ്യക്തതയ്ക്കായി ഫയല്‍ തിരിച്ചയച്ചു. എക്‌സൈസ് കമ്മിഷണര്‍ അതിനും മറുപടി നല്‍കിയ ശേഷമാണ് അനുമതി നല്‍കിയത്. എക്‌സൈസിന് കൊടുക്കാമായിരുന്ന അനുമതി മന്ത്രിസഭയില്‍ എത്തിച്ചാണ് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭ പ്രാഥമിക അനുമതിയാണ് നൽകിയത്. ഭൂമിയുടെ പ്രശ്നങ്ങളടക്കം തുടർന്നുള്ള പരിശോധനയിൽ വ്യക്തമാകും. മറ്റുവകുപ്പുകളിലേക്ക് വിശദമായി പദ്ധതിയുടെ വിശദാംശങ്ങളെത്തുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.