
കാലടി: കാലടി എംസി റോഡിൽ പുതിയ പാലത്തിന്‍റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. പെരിയാറിന് കുറുകെ ശ്രീശങ്കര പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. എംസി റോഡ് വികസനത്തിനായി ആയിരം കോടിയാണ് അനുവദിച്ചിരിക്കുന്നത്. 2024 ഒക്‌ടോബറോടെ പാലത്തിന്‍റെ പണി പൂർത്തീകരിക്കും. 2026 ആകുമ്പോൾ പാലങ്ങളുടെ നിർമ്മാണത്തിൽ സംസ്ഥാനം സെഞ്ച്വറിയടിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള പാലത്തിന്‍റെ പടിഞ്ഞാറുഭാഗത്തുനിന്ന് അഞ്ചുമീറ്റർ മാറി 455 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്.18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി നിർമ്മിക്കും. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും ഉണ്ടാകും. രണ്ട് ഘട്ടങ്ങളായാണ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുക. കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യഘട്ടത്തിൽ നടക്കുക.