
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും
തിരുവനന്തപുരം: അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ശനിയാഴ്ചയാണ് സംസ്കാര ചടങ്ങ് നടക്കുക. കൂടാതെ,ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് മാതൃകയില്‍ കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിനെ മികവിന്‍റെ കേന്ദ്രമായി ഉയര്‍ത്താനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തു.
സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഷാജി പി. ചാലിയെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്താനും ഹൈക്കോടതിയില്‍ സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി (ഇറിഗേഷന്‍) അഡ്വ. പി.ഐ. ഡേവിസിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതോടൊപ്പം കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (കെ - റെറ)യില്‍ മെമ്പറായി എ. മുഹമ്മദ് ഷബീറിനെയും നിയമിക്കും. സജി ജോണിനെ വാഴക്കുളം അഗ്രോ ആന്‍റ് ഫ്രൂട്ട്സ് പ്രൊസസിങ്ങ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായും നിയമിക്കും. സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാനും മന്ത്രി സഭ തീരുമാനമെടുത്തു.
മറ്റ് തീരുമാനങ്ങൾ
തൃശൂര്‍ എഞ്ചിനിയറിങ്ങ് കോളെജില്‍ നിന്ന് വിരമിച്ച പ്രൊഫ. വി ഐ താജുദ്ദീന്‍ അഹമ്മദിന് കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം ദീര്‍ഘിപ്പിച്ച് നല്‍കും.
2024 ൽ തൃശൂർ ജില്ലയിൽ ഉണ്ടായ അതിശക്തമായ കാലവർഷത്തിലും ഉരുൾപൊട്ടലിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 1810 പേർക്കുളള ധനസഹായത്തിന്‍റെ ആകെ വിഹിതമായ 5.68 കോടിയുടെ വിതരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തൃശൂർ ജില്ലാ കലക്റ്റർക്ക് അനുവദിക്കും.
കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന് 10 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അഞ്ച് വര്‍ഷത്തേക്ക് അനുവദിക്കും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 15 വര്‍ഷത്തേക്ക് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.